ദുബായ്: ഐപിഎല്‍ മാച്ച് ഒഫീഷ്യല്‍സെല്ലാം കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. 12 ഇന്ത്യന്‍ അമ്പയര്‍മാരും മൂന്ന് വിദേശ അമ്പയര്‍മാരും അഞ്ച് ഇന്ത്യന്‍ മാച്ച് റഫറിമാരും ഉള്‍പ്പെടെ 20 പേരും ഹോട്ടലില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. നിര്‍ബന്ധിത ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്കാണ് അമ്പയര്‍മാരും മാച്ച് റഫറിമാരും ഉള്‍പ്പെടുന്ന ഒഫീഷ്യല്‍സിനെ കൊവിഡ് 19 ടെസ്റ്റിന് വിധേയരാക്കിയത്. മാച്ച് ഒഫീഷ്യല്‍സ് ആറു ദിവസം ക്വാറന്‍റൈയിനില്‍ കഴിയണം. ഇതിനിടെ മൂന്നാമത്തെ ദിവസവും അഞ്ചാമത്തെ ദിവസവും അവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണം.
നേരത്തെ ദുബായില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ഒഫീഷ്യല്‍സ് കൊവിഡ് 19 ടെസ്റ്റിന് വിധേയരായിരുന്നു. തുടര്‍ന്ന് താമസിക്കുന്ന ഹോട്ടലുകളില്‍ വെച്ച് മൂന്ന് ടെസ്റ്റുകള്‍ക്ക് കൂടി ഇവര്‍ വിധേയരാകും. മാച്ച് ഒഫീഷ്യല്‍സ് രണ്ട് സംഘങ്ങളായി അബുദാബിയിലും ദുബായിലുമാണ് കഴിയുന്നത്. അബുദാബിയില്‍ കഴിയുന്ന സംഘം 20 ലീഗ് മത്സരങ്ങളും ദുബായില്‍ കഴിയുന്ന സംഘം 24 ലീഗ് മത്സരങ്ങളും നിയന്ത്രിക്കും.
മാച്ച് ഒഫീഷ്യല്‍സ് കൊവിഡ് നെഗറ്റീവായത് ബിസിസിഐക്ക് ആശ്വാസമാകും. നേരത്തെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ 13 താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നത് ബിസിസിഐയെ ആശങ്കയിലാക്കിയിരുന്നു. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് 56 ലീഗ് മത്സരങ്ങള്‍ നടക്കുക.