ഷാർജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം. റെക്കോഡ് വിജയലക്ഷ്യം നേടാൻ ഇറങ്ങിയ കൊല്‍ക്കത്ത അവസാനനിമിഷം വരെ പൊരുതിയാണ് കീഴടങ്ങിയത്. ഡൽഹി ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 210 റൺസേ നേടാനായുള്ളു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പൃഥ്വിഷായുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടി. ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ ആണിത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസ്സല്‍ രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, കംലേഷ് നാഗര്‍കോട്ടി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തയ്ക്ക് തുടക്കത്തിലെ പിഴച്ചു. ടീം സ്കോർ എട്ട് റൺസ് മാത്രമുള്ളപ്പോൾ സുനിൽ നരെയ്ൻ (മൂന്ന് റൺസ്) ആൻറിച്ച് നോർജെയുടെ പന്തിൽ ബൗൾഡായി. ബാറ്റിങ് തകർച്ച നേരിട്ട കൊല്‍ക്കത്ത ഒയിന്‍ മോര്‍ഗന്‍റെയും രാഹുല്‍ ത്രിപാഠിയുടെയും അത്ഭുത ബാറ്റിങ്ങിലൂടെ തിരിച്ചുവരികയായിരുന്നു. ഒയിൻ മോര്‍ഗൻ – രാഹുൽ ത്രിപാഠി സഖ്യം ഒത്തുചേരുമ്പോൾ കൊൽക്കത്തയ്ക്കു ജയിക്കാൻ ഒരു ഓവറിൽ 16 റൺസിനു മേൽ നേടണമെന്ന നിലയിലെത്തിയിരുന്നു. 15 ഓവർ പിന്നിട്ടപ്പോൾ കൊൽക്കത്ത 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ്. 16-ാം ഓവറിൽ കൊൽക്കത്ത 150 റൺസ് കടന്നു. മാർക്കസ് സ്‌റ്റോയിൻസ് എറിഞ്ഞ 17-ാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറുമുൾപ്പെടെ കൊൽക്കത്ത 24 റൺസാണ് അടിച്ചുകൂട്ടിയത്. തൊട്ടടുത്ത ഓവറിലാകട്ടെ തുടർച്ചയായ മൂന്നു സിക്സും ഒരു ഫോറുമുൾപ്പടെ 23 റൺസാണ് കൊൽക്കത്ത നേടിയത്. എന്നാല്‍ അവസാന ഓവറുകളില്‍ ഇരുവരുടെയും വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചു.
ഡല്‍ഹിയ്ക്ക് വേണ്ടി ആന്‍റിച്ച് നോര്‍ഹെ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ രണ്ടുവിക്കറ്റെടുത്തു. റബാദ, സ്‌റ്റോയിനിസ്, മിശ്ര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.