അബുദബി: പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തെരഞ്ഞെടുത്തു. ഡ്വെയ്‌ൻ ബ്രാവോ, കരണ്‍ ശര്‍മ എന്നിവര്‍ക്ക് പകരം ജോഷ് ഹെയ്‌സല്‍വുഡ്, പീയൂഷ് ചൗള എന്നിവര്‍ ചെന്നൈ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. മറുവശത്ത് ജയദേവ് ഉനദ്‌ഘട്ടിന് പകരം അങ്കിത്ത് രാജ്‌പുത് രാജസ്ഥാനു വേണ്ടി പന്തെറിയും. ടൂര്‍ണമെന്‍റില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ഒമ്പത് കളികളില്‍ നിന്ന് ആറ് തോല്‍വി നേരിട്ട ഇരു ടീമുകളും പോയന്‍റ് പട്ടികയില്‍ ഏഴും എട്ടും സ്ഥാനങ്ങളിലാണ്. റോയല്‍സ് എട്ടാമതും ചെന്നൈ ഏഴാമതുമാണ്. ഇന്ന് ജയിക്കുന്നവർക്ക് പോയിന്‍റ് പട്ടികയില്‍ അഞ്ചാമതെത്താനാകും.
ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, സഞ്ജു സാംസൺ എന്നിവർ ഫോമിലെത്താതാണ് രാജസ്ഥാനെ വലയ്‌ക്കുന്നത്. ബൗളിങ് നിരയില്‍ ജോഫ്ര ആർച്ചര്‍ മികവ് പുലര്‍ത്തുന്നത് ടീമിന് ആശ്വാസം പകരുന്നു. റിയാൻ പരാഗ്, രാഹുല്‍ തെവാത്തിയ എന്നിവർ മധ്യനിരയ്ക്ക് ശേഷം മികച്ച കളി പുറത്തെടുക്കുന്നുണ്ടെങ്കിലും അതിനും സ്ഥിരതയുണ്ടാകുന്നില്ല. ചെന്നൈയ്‌ക്കായി സാം കറനും ഫാഫ് ഡുപ്ലിസിയും ആയിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ടൂർണമെന്‍റിലെ ആദ്യ റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 16 റൺസിന്‍റെ വിജയം രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ 200-ാം മത്സരത്തിനിറങ്ങുന്ന നായകൻ ധോണിക്ക് വിജയം സമ്മാനിക്കാനാകും ചെന്നൈ ടീമിന്‍റെ ശ്രമം. ഇന്ന് അഞ്ച് റൺസ് കൂടി നേടിയാല്‍ ചെന്നൈ താരം അമ്പാട്ടി റായിഡുവിന് ടി 20യില്‍ 5000 റൺസ് എന്ന നാഴികകല്ലും താണ്ടാം.
ടീം ഇലവൻ
ചെന്നൈ സൂപ്പർ കിങ്സ് – ഫാഫ് ഡുപ്ലെസി, സാം കറൻ, ഷെയ്ൻ വാട്സൻ, അമ്പാട്ടി റായുഡു, എം.എസ്. ധോണി, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, ദീപക് ചാഹർ, പിയൂഷ് ചൗള, ഷാർദൂൽ താക്കൂർ, ജോഷ് ഹെയ്സൽവുഡ്.
രാജസ്ഥാൻ റോയൽസ്– ജോസ് ബട്‍ലർ, റോബിൻ ഉത്തപ്പ, സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, റിയാൻ പരാഗ്, രാഹുൽ തെവാട്ടിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, അങ്കിത്ത് രാജ്‌പുത്, കാർത്തിക്ക് ത്യാഗി.