അബുദബി: കഴിഞ്ഞ എല്ലാ മത്സരങ്ങളിലും മുന്നില്‍ നിന്ന് നയിച്ച ഷെയ്‌ൻ വാട്‌സണും ഡുപ്ലെസിയും നിറം മങ്ങിയ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് നിര. രാജസ്ഥാൻ റോയല്‍സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്‌ത ധോണിക്കും സംഘത്തിനും നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്നാം ഓവറില്‍ ഡുപ്ലെസിയെയും ( 9 പന്തില്‍ 10), നാലാം ഓവറില്‍ വാട്‌സണെയും (3 പന്തില്‍ 8) നഷ്‌ടമായ ചെന്നൈയ്‌ക്ക് ആ ആഘാതത്തില്‍ നിന്ന് തിരിച്ചുകയറാനായില്ല. പിന്നാലെ വന്ന അമ്പാട്ടി റായിഡുവിനും കാര്യമായി ഒന്നും ചെയ്യാനായില്ല. അഞ്ചാം വിക്കറ്റില്‍ ധോണിയും ജഡേജയും നടത്തിയ ചെറുത്തുനില്‍പ്പാണ് ചെന്നൈയെ വൻ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 28 പന്തില്‍ രണ്ട് ഫോര്‍ മാത്രം നേടി 28 റണ്‍സാണ് ധോണി നേടിയത്. 30 പന്തില്‍ 35 റണ്‍സുമായി ജഡേജയും ഒപ്പം നിന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ചെന്നൈയുടെ നടുവൊടിച്ചത്. തെവാട്ടിയയും (4 ഓവറില്‍ 18 റണ്‍സിന് 1 വിക്കറ്റ്) ജോഫ്രെ ആര്‍ച്ചറും ( 4 ഓവറില്‍ 20 റണ്‍സിന് 2 വിക്കറ്റ്) മികച്ച രീതിയില്‍ പന്തെറിഞ്ഞു.
ഡ്വെയ്‌ൻ ബ്രാവോ, കരണ്‍ ശര്‍മ എന്നിവര്‍ക്ക് പകരം ജോഷ് ഹെയ്‌സല്‍വുഡ്, പീയൂഷ് ചൗള എന്നിവര്‍ ചെന്നൈ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. മറുവശത്ത് ജയദേവ് ഉനദ്‌ഘട്ടിന് പകരം അങ്കിത്ത് രാജ്‌പുത് രാജസ്ഥാനായി പന്തെറിയും. ടൂര്‍ണമെന്‍റില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ഒമ്പത് കളികളില്‍ നിന്ന് ആറ് തോല്‍വി നേരിട്ട ഇരു ടീമുകളും പോയന്‍റ് പട്ടികയില്‍ ഏഴും എട്ടും സ്ഥാനങ്ങളിലാണ്. റോയല്‍സാണ് ഏറ്റവും താഴെ. ഇന്ന് ജയിക്കുന്നവർക്ക് പോയിന്‍റ് പട്ടികയില്‍ അഞ്ചാമതെത്താനാകും.