ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റ് ജയം. സീസണിലെ ബാംഗ്ലൂരിന്‍റെ ഏഴാം തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബി എബി ഡിവില്ലിയേഴ്സിന്‍റെയും (75) മോയിൻ അലിയുടെയും (50) ഇന്നിംഗ്സ് കരുത്തിൽ 171 എന്ന മികച്ച സ്കോറിലെത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് രോഹിത് ശർമ്മയും ക്വിന്‍റൺ ഡി കോക്കും മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിന്‍റെ ആദ്യ പന്തിൽ രോഹിനെയും (28) നാലാം പന്തിൽ ഡികോക്കിനെയും (40) പുറത്താക്കി മോയിൻ അലി ആർസിബിക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ സൂര്യകുമാർ യാദവ് സ്കോർ കണ്ടെത്താൻ വിഷമിച്ചെങ്കിലും മറുവശത്ത് ഇഷാൻ കിഷൻ തകർത്തടിച്ചു. ഒമ്പതു പന്തിൽ 21 റൺസെടുത്ത് ഇഷാൻ പുറത്തായപ്പോൾ മുംബൈ 104-3 എന്ന നിലയിൽ. ക്രുനാൽ പാണ്ഡ്യയും സൂര്യകുമാറും സ്കോർ കണ്ടെത്താൻ വിഷമിച്ചതാണ് മുംബൈയുടെ ജയം വൈകിപ്പിച്ചത്. ഇരുവരും പുറത്താതിനു ശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയും കിറോൺ പൊള്ളാർഡും ഒരോവർ ബാക്കി നിൽക്കെ മുംബൈക്ക് വിജയം നേടിക്കൊടുത്തു.
ബാംഗ്ലൂരിനായി 18 റണ്‍സ് വഴങ്ങി മോയിന്‍ അലി രണ്ട് വിക്കറ്റും, 27 റൺസ് വഴങ്ങി യൂസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് നേടി മികവ് കാട്ടിയെങ്കിലും മറ്റ് ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെക്കാത്തതാണ് ആർസിബിയുടെ തോൽവിക്ക് കാരണം. തോൽവിയോടെ ബാംഗ്ലൂരിന്‍റെ പ്ലേഓഫ് സാധ്യതകൾ മങ്ങി.