ഈ സീസണിലെ കരീബിയൻ പ്രീമിയർ ലീഗ് ടി-20ക്കായുള്ള താരങ്ങളുടെ ഡ്രാഫ്റ്റില്‍ ഇടംപിടിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ. ഇന്ത്യൻ ടീമില്‍ നിന്ന് വർഷങ്ങൾക്ക് മുമ്പ് അവസരം നഷ്ടപ്പെട്ട ഇർഫാൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തിരിച്ചുവരവ്.
ഇന്ത്യൻ ഇതിഹാസ താരമായ കപില്‍ ദേവിന് ശേഷം ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ താരമാണ് ഇർഫാൻ പഠാൻ. ഒരുകാലത്ത് ഇന്ത്യയുടെ സൂപ്പർ താരമാകുമെന്ന് വിചാരിച്ചിരുന്ന ഇർഫാന് പക്ഷെ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. ഈ സീസണിലെ ഐപിഎല്ലിലും അവസരം ലഭിക്കാതിരുന്ന ഇർഫാൻ കമന്‍ററി ബോക്സിലെ സജീവ സാന്നിധ്യമായിരുന്നു. ഐപിഎല്‍ മാതൃകയില്‍ വെസ്റ്റ് ഇൻഡീസില്‍ നടക്കുന്ന കരീബിയൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിലേക്കുള്ള താരലേലത്തിന്‍റെ പട്ടികയിലാണ് ഇർഫാൻ പഠാൻ ഉൾപ്പെട്ടത്. 536 കളിക്കാരുടെ പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യവും ഇർഫാൻ പഠാനാണ്. ഡ്രാഫ്റ്റില്‍ നിന്ന് ഏതെങ്കിലും ടീം സ്വന്തമാക്കിയാല്‍ വിദേശ ടി-20 ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഇർഫാൻ മാറും.
2007 ല്‍ ഇന്ത്യയുടെ ടി-20 ലോകകപ്പ് നേട്ടത്തില്‍ നിർണായക പങ്ക് വഹിച്ച ഇർഫാൻ പഠാൻ 2012ന് ശേഷം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. പരിക്കുകളും സ്ഥിരതയില്ലാത്ത പ്രകടനവുമാണ് ടീമില്‍ നിന്നും ഇർഫാന്‍ പുറത്താകാന്‍ കാരണം.