ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ഒന്നാമത്. സണ്‍ റൈസേര്‍സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. ചെന്നൈക്കായി ഷെയിന്‍ വാട്സണ്‍ 96 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഡേവിഡ് വാര്‍ണറിന്‍റെയും മനീഷ് പാണ്ഡെയുടെയും മികവിലാണ് 175 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. വാര്‍ണര്‍ 45 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയപ്പോള്‍, 46 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 83 റണ്‍സെടുത്ത മനീഷ് പാണ്ഡെ ഹൈദരാബാദിന്‍റെ ടോപ് സ്കോററായി. മറ്റുള്ളവരൊന്നും സ്കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങുകയായിരുന്നു. ചെന്നൈക്കായി ഹര്‍ഭജന്‍ സിംഗ് രണ്ടും ദീപക് ചഹാര്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് തുടക്കം തന്നെ ഡുപ്ലെസിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്രീസില്‍ ഒത്തുച്ചേര്‍ന്ന വാട്സണ്‍ റെയ്ന കൂട്ടുകെട്ട് ടീമിന്‍റെ നട്ടെല്ലായി. ആറ് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 53 പന്തില്‍ നിന്ന് 96 റണ്‍സ് നേടി വാട്സണ്‍ കളം നിറഞ്ഞപ്പോള്‍ മികച്ച പിന്തുണയാണ് റെയ്ന നല്‍കിയത്. പിന്നീട് റെയ്നക്ക് ശേഷം ക്രീസിലെത്തിയ അമ്പാട്ട് റായിഡുവും സാഹചര്യത്തിനൊത്ത് കളിമെനഞ്ഞ് വിജയം നേടുകയായിരുന്നു.
പോയിന്‍റ് പട്ടികയില്‍ ചെന്നൈ ഒന്നാമതെത്തിയതോടെ ഡല്‍ഹി ക്യാപ്റ്റന്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. മുംബൈ ഇന്ത്യന്‍സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ആറ് പോയിന്‍റുകളുമായി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.