ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയപാതയിലേക്ക് തിരിഞ്ഞ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. പഞ്ചാബുമായി നടന്ന മത്സരത്തില്‍ 17 റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയതോടെ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ബംഗളൂരു സ്വന്തമാക്കിയിരിക്കുന്നത്.
എബി ഡിവില്ലിയേഴ്സിന്‍റെ ബാറ്റിംഗ് മികവാണ് ബംഗളൂരുവിനെ 202 എന്ന മികച്ച സ്കോറിലെത്തിച്ചത്. 44 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്സ് ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടീമിന് മികച്ച തുടക്കം സമ്മാനിക്കുന്നതില്‍ ഓപ്പണര്‍ പാര്‍ഥിവ് പട്ടേലിന്‍റെ ഇന്നിംഗ്സും നിര്‍ണ്ണായകമായി. 43 റണ്‍സാണ് പാര്‍ഥിവിന്‍റെ സംഭാവന. അവസാന ഓവറുകളില്‍ ആളിക്കത്തിയ മാര്‍ക്കസ് സ്റ്റോനിസും ടീമിനായി മികച്ച പ്രകടനം നടത്തി.
203 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കിംഗ്സ് ഇലവണ്‍ പഞ്ചാബിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വാലറ്റ നിരയ്ക്ക് പിടിച്ച് നില്‍ക്കാല്‍ സാധിച്ചില്ല. അവസാന ഓവറുകളിലെ വിക്കറ്റ് ഒഴുക്ക് ടീമിനെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ നിക്കോളാസ് പൂരനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. 27 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ലോകേഷ് രാഹുലും ടീമിന്‍റെ സ്കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. എന്നാല്‍ ബാറ്റിംഗിനിറങ്ങിയ നാല് പേര്‍ക്ക് രണ്ടക്കം തികയ്ക്കാന്‍ സാധിച്ചില്ല. ബംഗളൂരുവിനായി ഉമേഷ് യാദവ് മൂന്നും നവദീപ് സൈനി രണ്ടും മാര്‍ക്കസ് സ്റ്റോനി, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.