ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത. ബാറ്റിംഗിനെ തുണക്കുന്ന വിക്കറ്റാണ് ഫൈനലിനായി ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നതെന്ന സൂചനയുമായി ബിസിസിഐ ക്യുറേറ്റര്‍ ചന്ദ്രശേഖര്‍ റാവു.
വെടിക്കെട്ട് ബാറ്റ്സ്മാൻമാർ അണിനിരക്കുന്ന മുംബൈ - ചെന്നൈ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ റണ്‍മഴ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഫൈനലിൽ എത്തുന്നത്. ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ല എന്ന സൂചനയാണ് പിച്ച് തയ്യാറാക്കിയ ക്യുറേറ്ററും നല്‍കുന്നത്. ഏറ്റവും മികച്ച വിക്കറ്റായിരിക്കും ഹൈദരാബാദിൽ എന്ന് ഉറപ്പിക്കാമെന്നും ബിസിസിഐ കുറേറ്റര്‍ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. എന്നാല്‍ 2017-ൽ ഇവിടെ ഫൈനല്‍ നടന്നപ്പോള്‍ കുറഞ്ഞ സ്‌കോറാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 129 റണ്‍സ് നേടിയപ്പോള്‍ പുനെ സൂപ്പർ ജെയിന്‍റ്സിന്‍റെ മറുപടി ബാറ്റിംഗ് ഒരു റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു.