മാഞ്ചസ്റ്റര്‍: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍ തുടക്കം. ഓൾഡ് ട്രാഫോർഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.
നോട്ടിങ്ഹാമില്‍ നടന്ന ആദ്യ മത്സരം മഴമൂലം സമനിലയിൽ കലാശിച്ചപ്പോൾ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരവും ഓവലില്‍ നടന്ന നാലാം മത്സരവും ഇന്ത്യ പിടിച്ചു. ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ടിന് വിജയിക്കാനായത്. ഇതോടെ സ്വന്തം മണ്ണില്‍ പരമ്പര കൈമോശം വരാതിരിക്കാന്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.
ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും വലിയ മാറ്റങ്ങള്‍ക്ക് ക്യാപ്റ്റന്‍ വിരാട് കോലി മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര എന്നിവര്‍ക്ക് പരിക്കുണ്ടെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇരുവരും കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയെ പുറത്തിരുത്തണമെന്ന് പല കോണില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കോലിയുടെ തീരുമാനം അന്തിമമാവും.
ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ജീവന്‍ മരണപ്പോരാട്ടത്തിനാണ് അവര്‍ ഇറങ്ങുന്നത്. ഓവലില്‍ കളിക്കാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്‌ലര്‍ തിരിച്ചെത്തിയപ്പോള്‍, സ്‌പിന്നർ ജാക്ക് ലീച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിലുണ്ടായിരുന്ന സാം ബില്ലിങ്സിനെ ഒഴിവാക്കിയിട്ടുണ്ട്. ഈ മത്സരത്തിലും ക്യാപ്റ്റന്‍ ജോ റോട്ടിന്‍റെ പ്രകടനം ഇംഗ്ലണ്ടിന് നിര്‍ണായകമാവും.
പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ഇലവന്‍
രോഹിത് ശര്‍മ
വിദേശത്ത് ആദ്യ സെഞ്ചുറി കണ്ടെത്തി മികച്ച ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്. ഓവലില്‍ രണ്ടാം ഇന്നിങ്സില്‍ 256 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 127 റൺസായിരുന്നു രോഹിത് നേടിയത്. എന്നാല്‍ താരത്തിന്‍റെ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ചെറിയ ആശങ്കകളുണ്ട്. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓവല്‍ ടെസ്‌റ്റിന്‍റെ അവസാന ദിനത്തില്‍ താരം ഫീല്‍ഡിന് ഇറങ്ങിയിരുന്നില്ല.
കെഎല്‍ രാഹുല്‍
നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ മായങ്ക് അഗർവാളിന് പരിക്കേറ്റ് ലഭിച്ച അവസരം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയാണ് രാഹുല്‍ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായത്. നോട്ടിങ്ഹാമില്‍ നടന്ന ആദ്യ മത്സരത്തില്‍ സെഞ്ച്വറിയോടെയായിരുന്നു താരത്തിന്‍റെ തുടക്കം. തുടര്‍ന്ന് ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തിയ താരത്തെ അഞ്ചാം മത്സരത്തിലും പ്രതീക്ഷിക്കാം.
ചേതേശ്വര്‍ പുജാര
ടെസ്റ്റിന്‍റെ തുടക്കത്തില്‍ ഫോമിലല്ലാതിരുന്ന താരം പതിയെ താളം കണ്ടെത്തിയിട്ടുണ്ട്. ഓവലില്‍ അര്‍ധ സെഞ്ചുറി നേടാനും താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരത്തിന്‍റെ ഫിറ്റ്‌നസില്‍ ചില ആശങ്കകളുണ്ട്. ഓവലില്‍ രണ്ടാം ഇന്നിറങ്സില്‍ ബാറ്റിങ്ങിനിടെ താരത്തിന് കണങ്കാലിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
വിരാട് കോലി
ഇന്ത്യയെ മികച്ച വിജയങ്ങളിലേക്ക് നയിച്ച വിരാട് കോലി മോശം ഫോം മറികടക്കുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ രണ്ട് ആര്‍ധ സെഞ്ചുറികള്‍ നേടാനും കോലിക്ക് കഴിഞ്ഞു.
ഇതോടെ ഓൾഡ് ട്രാഫോർഡില്‍ കോലി സെഞ്ചുറി നേടി മടങ്ങിവരവ് ആധികാരികമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും കഴിഞ്ഞ 51 ഇന്നിങ്സുകളില്‍ ഒരു രാജ്യാന്തര സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു താരത്തിന്‍റെ അവസാന രാജ്യാന്തര സെഞ്ച്വറി നേട്ടം.
അജിങ്ക്യ രഹാനെ
പരമ്പയില്‍ മോശം ഫോമിലാണ് രഹാനെയുള്ളത്. ഇംഗ്ലണ്ട് പരമ്പരയിലെ നാല് ടെസ്റ്റിൽ ഏഴ് ഇന്നിങ്സിൽ നിന്നായി ഇതുവരെ 109 റൺസാണ് താരത്തിന് നേടാനായത്. രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ നേടിയ 61 റൺസൊഴിച്ചാല്‍ പരമ്പരയില്‍ കാര്യമായ പ്രകടനം നടത്താന്‍ രഹാനെയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ രഹാനെയെ പുറത്തിരുത്തണമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. എന്നിരുന്നാലും ടീമിന്‍റെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ ഉള്‍പ്പെടെയുള്ളവര്‍ താരത്തിനെ പിന്തുണയ്‌ക്കുന്നുണ്ട്.
എന്നാല്‍ നിലവിലെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ താരത്തിന് പുറത്തിരിക്കേണ്ടിവന്നേക്കും. താരത്തിന് പകരമായി ഹനുമ വിഹാരിക്കാണ് ടീമില്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ കൗണ്ടിയടക്കം കളിച്ചിട്ടുള്ള അനുഭവസമ്പത്തിന്‍റെ വെളിച്ചത്തിലാവും വിഹാരിക്ക് ടീമില്‍ സ്ഥാനം ലഭിക്കുക. ഇന്ത്യക്കായി 12 മത്സരങ്ങളില്‍ നിന്നും 664 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
റിഷഭ് പന്ത്
ഓവലില്‍ റണ്‍സ് കണ്ടെത്തി റിഷഭും ഫോം പ്രകടമാക്കിയിട്ടുണ്ട്. അവസാന മത്സരത്തിലെ അര്‍ധ സെഞ്ചുറി സെഞ്ച്വറിയിലെത്തിച്ച് പരമ്പര മികച്ചതാക്കാനാവും താരത്തിന്‍റെ ശ്രമം.
ആര്‍ അശ്വിന്‍
ഇംഗ്ലണ്ടില്‍ ഇതേവരെ കളിക്കാന്‍ അശ്വിന് സാധിച്ചിട്ടില്ല. കൗണ്ടിയില്‍ വിക്കറ്റ് കൊയ്‌ത ഓവലില്‍ പോലും താരത്തെ പുറത്തിരുത്തിയാണ് ഇന്ത്യ കളിച്ചത്. ഓൾഡ് ട്രാഫോർഡിലെ സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ അശ്വിന് മികച്ച സാധ്യതയാണുള്ളത്. ഇതോടെ ജഡേജയ്‌ക്ക് പുറത്തിരിക്കേണ്ടിവന്നേക്കും.
ശര്‍ദുല്‍ താക്കൂര്‍
വളരെ ചുരുക്കം സമയം കൊണ്ടാണ് മുംബൈ താരമായ ശര്‍ദുല്‍ മികച്ച ഓള്‍റൗണ്ടറായി പേരെടുത്തത്. ഇംഗ്ലണ്ടിനെതിരെ ബാറ്റുകൊണ്ടും ബോളുകൊണ്ടും മുതല്‍ക്കൂട്ടാവാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
മുഹമ്മദ് ഷമി
ഓവലില്‍ പുറത്തിരുന്ന ഷമി അവസാന മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. താരം ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് പുറത്തുവരുന്ന നിരവധി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷമിക്ക് വിശ്രമം നല്‍കാന്‍ മാനേജ്‌മെന്‍റ് തീരുമാനിച്ചാല്‍ മുഹമ്മദ് സിറാജിന് അവസരം ലഭിച്ചേക്കും.
ഉമേഷ് യാദവ്
ലഭിച്ച അവസരം മുതലെടുത്ത മറ്റൊരു താരമാണ് ഉമേഷ്. ഓവലില്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഇഷാന്ത് ശര്‍മയെ തിരികെയെത്തിക്കാന്‍ മാനേജ്മെന്‍റ് തീരുമാനിക്കാതിരുന്നാല്‍ ഓൾഡ് ട്രാഫോർഡില്‍ ഉമേഷിന് ഇടം ഉറപ്പാണ്.
ജസ്പ്രീത് ബുംറ
പരമ്പരയില്‍ വിശ്രമമില്ലാതെയാണ് ബുംറ പന്തെറിയുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യന്‍ നിരയില്‍ പലപ്പോഴും തുടര്‍ച്ചയായ സ്‌പെല്ലുകള്‍ താരത്തിന് എറിയേണ്ടിവന്നിട്ടുണ്ട്. നിലവില്‍ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബുംറയുള്ളത്.
നിലവിലെ നാല് മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 21 വിക്കറ്റുള്ള ഒലി റോബിന്‍സണാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. താരത്തിന്‍റെ ജോലിഭാരം നിയന്ത്രിക്കാൻ മാനേജ്മെന്‍റ് തീരുമാനിച്ചില്ലെങ്കിൽ ഇംഗ്ലീഷ് ബാറ്റിങ് നിരയെ തിരിച്ച് കയറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ താരത്തിന് കഴിയും.