ലീഡ്‌സ് : ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറ തനിക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകളെറിഞ്ഞെത് പുറത്താക്കാനായിരുന്നില്ലെന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആൻഡേഴ്‌സണ്‍.
മത്സരത്തിന്‍റെ മൂന്നാം ദിനം ആൻഡേഴ്‌സണ്‍ ക്രീസിൽ നിൽക്കുമ്പോൾ ബുംറ തുടർച്ചയായി ബൗൺസറുകളും ഷോട്ട് പിച്ച് പന്തുകളും എറിഞ്ഞത് താരത്തെ പ്രകോപിപ്പിച്ചിരുന്നു.
നാല് നോബോളുകള്‍ ഉള്‍പ്പെടെ ഒരോവറില്‍ 10 ബോളുകളാണ് ബുംറ ആൻഡേഴ്‌സണെതിരെ എറിഞ്ഞത്. ഇതില്‍ ഒരു പന്ത് ഇംഗ്ലീഷ് താരത്തിന്‍റെ ഹെല്‍മറ്റില്‍ ഇടിക്കുകയും ചെയ്തു.
തുടര്‍ന്ന് മത്സരം അവസാനിപ്പിച്ച് താരങ്ങൾ തിരികെ മടങ്ങുമ്പോള്‍ ആൻഡേഴ്‌സണും ബുംറയും വാക്പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു.
‘പിച്ചിന് വേഗം വളരെ കുറവാണെന്നാണ് ബാറ്റ് ചെയ്തവരെല്ലാം പറഞ്ഞിരുന്നത്. ഞാൻ ക്രീസിലെത്തിയപ്പോൾ ജോ റൂട്ട് പറഞ്ഞത് ബുംറ സാധാരണ എറിയുന്നത്ര വേഗത്തിലല്ല ഇപ്പോൾ പന്തെറിയുന്നതെന്നാണ്.
എനിക്കെതിരായ ആദ്യ പന്ത് വന്നത് മണിക്കൂറിൽ 90 മൈൽ വേഗത്തിൽ. ശരിയല്ലേ? ഇത്തരമൊരു അനുഭവം കരിയറില്‍ ഇതേവരെ ഉണ്ടായിട്ടില്ല. എന്നെ പുറത്താക്കുകയല്ല ബുംറയുടെ ലക്ഷ്യമെന്ന് എനിക്ക് തോന്നി’ ആൻഡേഴ്‌സണ്‍ പറഞ്ഞു.
‘ഒരു ഓവർ പൂർത്തിയാക്കാൻ ബുംറ പത്തോ, പതിനൊന്നോ, ബോളുകള്‍ ചെയ്‌തു. ഒന്നിന് പുറകേ ഒന്നായി നോബോളുകൾ എറിഞ്ഞു. ഇടയ്ക്ക് ഷോട്ട് പിച്ച് പന്തുകളും.
ഞാൻ തടുത്തിട്ട രണ്ട് പന്തുകള്‍ സ്റ്റംപിനുനേരെയാണ് എറിഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് ആ ഓവർ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി സ്ട്രൈക്ക് കൈമാറുകയെന്നതായിരുന്നു പ്രധാനം’ ആൻഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.