ന്യൂഡല്‍ഹി: ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടത്താന്‍ ഒരുങ്ങി ടീം ഇന്ത്യ. ലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ഏകദിനവും ടി20യും സംഘം കളിക്കുമെന്ന് ബിസിസിഐ. ജൂലൈ 13, 16, 19 തീയതികളില്‍ ഏകദിന പരമ്പരയും ജൂലൈ 22, 24, 27 തീയതികളില്‍ ടി20 പരമ്പരയും നടത്താനാണ് നീക്കം.
ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമാകാത്ത ഇന്ത്യന്‍ താരങ്ങളാകും നിശ്ചിത ഓവര്‍ പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തിലുണ്ടാവുക. ജൂലൈ അഞ്ചിന് ലങ്കയില്‍ എത്തുന്ന സംഘം ഒരാഴ്‌ച നീളുന്ന ക്വാറന്‍റൈന് ശേഷമാകും പരമ്പരകളുടെ ഭാഗമാവുക.
കൂടുതല്‍ വായനക്ക്: ബോൾട്ട് മുതല്‍ ജാമിസൺ വരെ, പേസ് ബാറ്ററി നിറച്ച് കിവീസ്
ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനം നടത്തുന്നതിനാല്‍ വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്‌പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ലോകേഷ് രാഹുല്‍ തുടങ്ങിയവരെ കൂടാതെയാകും ടീം ഇന്ത്യയുടെ പര്യടനം. 20 അംഗ സംഘമാണ് ഇംഗ്ലണ്ട് പര്യടനം നടത്തുന്നത്. ഇവരെ ഒഴിവാക്കിയാകും ലങ്കന്‍ പര്യടനത്തിനുള്ള സംഘത്തെ ബിസിസിഐ തെരഞ്ഞെടുക്കുക.
ഈ സാഹചര്യത്തില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ തെവാട്ടിയ എന്നിവര്‍ക്ക് ടീമിലേക്ക് നറുക്ക് വീണേക്കും. രവി ശാസ്‌ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡാകും പരിശീലകന്‍റെ വേഷത്തില്‍. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമാണ് രവി ശാസ്‌ത്രിയുണ്ടാവുക.