ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂൺ അഞ്ചിന് ഡല്‍ഹിയില്‍ ഒത്തുചേരും. അഞ്ച് മത്സര പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ജൂണ്‍ രണ്ടിന് തന്നെ ഡല്‍ഹിയിലെത്തും. പരമ്പരയിലെ ആദ്യ മത്സരം ജൂൺ ഒമ്പതിന് അരുണ്‍ ജയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് നടക്കുക.
കളിക്കാര്‍ക്ക് ബയോ ബബിൾ ഉണ്ടാകില്ലെന്നും എന്നാല്‍ പതിവായി കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്‌റ്റേഡിയത്തില്‍ കാണികള്‍ക്കും നിയന്ത്രണമുണ്ടാകില്ല.
കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക. രണ്ട് മാസം നീണ്ട ഐപിഎല്ലിന് ശേഷമുള്ള ഇടവേളയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.
also read: 'ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കണം' ; പ്രഥമലക്ഷ്യം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ
വിശ്രമം നല്‍കിയ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക. രോഹിത്തിനൊപ്പം ബാറ്റര്‍ വിരാട് കോലിക്കും പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.