ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയടക്കം ലോക ക്രിക്കറ്റിലെ വമ്പന്മാരായ പത്ത് ടീമുകളാണ് മാറ്റുരയ്‌ക്കാന്‍ എത്തുന്നത്. ഓരോ ടീമും കിരീടം മാത്രം ലക്ഷ്യം വയ്‌ക്കുന്നതോടെ കളിക്കളത്തില്‍ പോരുമുറുകുമെന്നുറപ്പ്. ഇന്ത്യന്‍ മണ്ണിലേക്ക് കിരീടം തേടിയെത്തിയവരുടെ കൂട്ടത്തില്‍ ചില ഇന്ത്യന്‍ വംശജരുമുണ്ട്. അവരില്‍ ചിലരെക്കുറിച്ച് അറിയാം...
തേജ നിടമാനൂര്‍ (Teja Nidamanur)
ഏകദിന ലോകകപ്പിനിറങ്ങുന്ന നെതര്‍ലന്‍ഡ്‌സ് ടീമിലെ പ്രധാനിയാണ് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ജനിച്ച തേജ നിടമാനൂര്‍. ബാല്യകാലത്ത് അമ്മയ്‌ക്കൊപ്പം ന്യൂസിലന്‍ഡിലായിരുന്നു തേജ വളര്‍മ്മത്. പിന്നീട് അമ്മ വിജയവാഡയിലേക്ക് മടങ്ങിയെത്തിയെങ്കിലും ന്യൂസിലന്‍ഡില്‍ തുടരാനായിരുന്നു താരത്തിന്‍റെ തീരുമാനം.
സ്‌പോര്‍ട്‌സ് മാനേജ്‌മെന്‍റ്, മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ബിരുദം സ്വന്തമാക്കിയ 29-കാരന്‍ ന്യൂസിലന്‍ഡില്‍ ചില ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിരുന്നു. കിവീന്‍റെ ദേശീയ കുപ്പായമണിയാന്‍ ആഗ്രഹിച്ച താരത്തിന് ബോര്‍ഡിന്‍റെ കരാര്‍ ലഭിച്ചില്ല. ഇതിനിടെ നെതര്‍ലന്‍ഡ്‌സിലെ ഒരു ക്ലബിനായി കളിക്കാനായാണ് താരം രാജ്യത്ത് എത്തിയത്.
ക്ലബിനായി മിന്നും പ്രകടനം നടത്തുന്നതിടെ മികച്ച വരുമാനമുള്ള ഒരു ജോലി കൂടി ലഭിച്ചതോടെ ന്യൂസിലന്‍ഡിലേക്ക് മടങ്ങാനുള്ള പദ്ധതി താരം ഉപേക്ഷിച്ചു. തുടര്‍ന്ന് ആഭ്യന്തര മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരത്തിന് ദേശീയ ടീമിലേക്കും വിളിയെത്തുകയായിരുന്നു.
2022- മെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന അരങ്ങേറ്റം. ലോകകപ്പ് യോഗ്യത മത്സരത്തില്‍ വിന്‍ഡീസിനെതിരായ താരത്തിന്‍റെ സെഞ്ചുറി പ്രകടനമാണ് ഡച്ച് ടീമിന് മുന്നോട്ടുള്ള വഴി തുറന്നത്. ഓറഞ്ച് പടയ്‌ക്കായി 20 ഏകദിന മത്സരങ്ങള്‍ കളിച്ച താരം 29.47 ശരാശരിയില്‍ 501 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ പട്ടികയിലുണ്ട്.
തന്‍വീര്‍ സംഗ (Tanveer Sangha)
ഓസ്‌ട്രേലിയന്‍ ലെഗ് സ്‌പിന്നര്‍ തന്‍വീര്‍ സംഗയ്‌ക്കും ഇന്ത്യന്‍ വേരുകളുണ്ട്. ഇന്ത്യാക്കാരായ ജോഗ സംഗ-ഉപ്‌നീത് ദമ്പതികളുടെ മകനായ തന്‍വീര്‍ സംഗ 2001 സിഡ്‌നിയിലാണ് ജനിച്ചത്. ജലന്ധറിനടുത്തുള്ള റഹിംപുര്‍ സ്വദേശിയാണ് ജോഗ സംഗ. 2020-ലെ അണ്ടര്‍ 19- ലോകകപ്പിലെ 15 വിക്കറ്റ് പ്രകടനത്തോടെയാണ് തന്‍വീര്‍ സംഗ ശ്രദ്ധപിടിച്ചുപറ്റുന്നത്.
തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടി0 ലീഗായ ബിഗ്‌ബാഷിലും തിളങ്ങിയതോടെയാണ് താരത്തിന് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 മത്സരത്തിലൂടെയാണ് 21-കാരനായ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ നാല് ഓവറില്‍ 31 റണ്‍സിന് നാല് വിക്കറ്റുകള്‍ നേടാനും താരത്തിന് കഴിഞ്ഞിരുന്നു.
ലോകകപ്പിന് തൊട്ടുമുമ്പ് സെപ്റ്റംബറില്‍ ഇന്ത്യയ്‌ക്ക് എതിരായ പരമ്പരയിലാണ് താരം കന്നി ഏകദിനം കളിച്ചത്. ഇതേവരെയുള്ള രണ്ട് ഏകദിനങ്ങളില്‍ നിന്നായി 62.50 ശരാശിയില്‍ രണ്ട് വിക്കറ്റുകളാണ് സംഗ നേടിയിട്ടുള്ളത്. 6.94 ആണ് ഇക്കോണമി.
സ്‌പിന്നിനെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ തന്‍വീര്‍ സംഗയുടെ പ്രകടനം നിര്‍ണായകമാവുമെന്നാണ് ഓസീസിന്‍റെ വിലയിരുത്തല്‍. 2015ൽ രണ്ട് ഏകദിനങ്ങളിൽ കളിച്ച പേസർ ഗുരീന്ദർ സന്ദുവിന് ശേഷം സീനിയർ തലത്തിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ വംശജനായ രണ്ടാമത്തെ മാത്രം കളിക്കാരനാണ് തൻവീർ.
രചിന്‍ രവീന്ദ്ര (Rachin Ravindra)
ന്യൂസിലന്‍ഡിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്‌ക്കും ഇന്ത്യന്‍ വേരുകളുണ്ട്. ബാംഗ്ലൂര്‍ സ്വദേശികളായ രവികൃഷ്‌ണ മൂര്‍ത്തി- ദീപ കൃഷ്‌ണ മൂര്‍ത്തി എന്നിവരുടെ മകനായി വെല്ലിങ്ടണിലാണ് താരം ജനിച്ചത്. ന്യൂസിലന്‍ഡിനായി രണ്ട് തവണ അണ്ടര്‍ 19-ലോകകപ്പ് കളിച്ചതാരമാണ് രചിന്‍ രവീന്ദ്ര.
പിന്നാലെയാണ് ബ്ലാക്ക്‌കാപ്‌സ് സ്‌ക്വാഡിലേക്ക് വിളിയെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്ക് എതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. ഇതേവരെ 12 ഏകദിനങ്ങളാണ് 23-കാരനായ താരം കളിച്ചിട്ടുള്ളത്. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 186 റണ്‍സും ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി 12 വിക്കറ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം. ലോകകപ്പിന്‍റെ സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ചറി നേടിയ താരം തിളങ്ങിയിരുന്നു.
ഇഷ് സോധി (Ish Sodhi)
കിവീസ് ടീമില്‍ ഇന്ത്യന്‍ വേരുള്ള മറ്റൊരു താരമാണ് ഇഷ് സോധി. പഞ്ചാബിലെ ലുധിയാനയിലാണ് ഇന്ദർബീർ സിങ് എന്ന ഇഷ് സോധി ജനിച്ചത്. തന്‍റെ ചെറുപ്പകാലത്താണ് കുടുംബത്തോടൊപ്പം സോധി ന്യൂസിലിന്‍ഡിലേക്ക് ചേക്കേറുന്നത്. 2015 ഓഗസ്റ്റിലായിരുന്നു ലെഗ് സ്‌പിന്നറായ സോധിയുടെ ഏകദിന അരങ്ങേറ്റം.
31-കാരനായ താരം ഇതേവെ 49 ഏകദിനങ്ങളാണ് കളിച്ചിട്ടുള്ളത്. 46 ഇന്നിങ്‌സുകളില്‍ നിന്നായി 35.61 ശരാശരിയില്‍ 61 വിക്കറ്റുകളാണ് വീഴ്‌ത്തിയിട്ടുള്ളത്. 5.47 ആണ് ഇക്കോണമി. 24 ഇന്നിങ്‌സുകളില്‍ നിന്നും 201 റണ്‍സും സോധി നേടിയിട്ടുണ്ട്.
വിക്രംജീത് സിങ് (vikramjit singh)
നെതര്‍ലന്‍ഡ്‌സിന്‍റെ യുവ ബാറ്ററായ വിക്രംജീത് സിങ്ങിനും ഇന്ത്യന്‍ വേരുകളുണ്ട്. 2003-ല്‍ പഞ്ചാബിലെ ചീമ ഖുര്‍ദിലാണ് താരം ജനിച്ചത്. വിക്രംജീത്തിന് ഏഴ് വയസുള്ളപ്പോഴാണ് കുടുംബം നെതര്‍ലന്‍ഡ്‌സിലേക്ക് കുടിയേറുന്നത്.
2022 മര്‍ച്ചിലായിരുന്നു 20കാരന്‍റെ ഏകദിന അരങ്ങേറ്റം. ഇതേവരെ 25 ഏകദിനങ്ങളില്‍ നിന്നായി 808 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും വിക്രംജീത് സിങ്ങിന്‍റെ അക്കൗണ്ടിലുണ്ട്.
കേശവ് മഹാരാജ് (Keshav Maharaj)
ഇന്ത്യന്‍ വേരുകളുള്ള ദക്ഷിണാഫ്രിക്കന്‍ താരമാണ് കേശവ് മഹാരാജ്. താരത്തിന്‍റെ പൂർവ്വികർ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്നുള്ളവരാണ്. 33-കാരനായ താരം 2019 മേയിലാണ് പ്രോട്ടീസിനായി ഏകദിന അരങ്ങേറ്റം നടത്തിയത.
ഇതേവരെ കളിച്ച 31 മത്സരങ്ങളില്‍ നിന്നും 32.68 ശരാശരിയില്‍ 37 വിക്കറ്റുകളാണ് കേശവ് വീഴ്‌ത്തിയിട്ടുള്ളത്. 4.7 എന്ന മികച്ച ഇക്കോണമിയാണ് താരത്തിനുള്ളത്. 15 ഇന്നിങ്‌സുകളില്‍ നിന്നായി 161 റണ്‍സും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.