ധാംബുള്ള : ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്‌ക്ക്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ചാണ് ഇന്ത്യന്‍ വനിതകളുടെ നേട്ടം. രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ തകർപ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്.
ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ഉയര്‍ത്തിയ 126 റണ്‍സ് ലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നു. സ്‌കോര്‍: ശ്രീലങ്ക 125/7(20), ഇന്ത്യ 127/5 (19.1). ഓപ്പണര്‍ സ്‍മൃതി മന്ഥാന (34 പന്തില്‍ 39), ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ(32 പന്തില്‍ 31*) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്.
ഓപ്പണര്‍മാരായ സ്‍മൃതി മന്ഥാനയും ഷെഫാലി വർമയും ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യയ്‌ക്ക് നല്‍കിയത്. ടീം ടോട്ടല്‍ 30 റണ്‍സില്‍ നില്‍ക്കെ നാലാം ഓവറിലെ നാലാം പന്തില്‍ ഇന്ത്യയ്‌ക്ക് ഷെഫാലി വര്‍മയെ (10 പന്തില്‍ 17) നഷ്‌ടമായി. തുടര്‍ന്നെത്തിയ സബ്ബിനേനി മേഘ്ന നന്നായി തുടങ്ങിയെങ്കിലും വേഗം മടങ്ങി. 10 പന്തില്‍ 17 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
നാലാമതായാണ് ഹർമന്‍പ്രീത് കൗര്‍ ക്രീസിലെത്തിയത്. ഇതിനിടെ സ്‍മൃതി മന്ഥാനയും പിന്നാലെ ജെമീമ റോഡ്രിഗസും(6 പന്തില്‍ 3), യാസ്തിക ഭാട്ട്യയും(18 പന്തില്‍ 13) തിരിച്ചുകയറി. എന്നാല്‍ ദീപ്‌തി ശർമയെ (5 പന്തില്‍ 5*) കൂട്ടുപിടിച്ച് ഹർമന്‍പ്രീത് കൗർ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ വിഷ്‍മി ഗുണരത്നെയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. തകര്‍പ്പന്‍ തുടക്കത്തിന് ശേഷമാണ് ലങ്ക ചെറിയ സ്‌കോറില്‍ ഒരുങ്ങിയത്. ടീം ടോട്ടല്‍ 87 റണ്‍സില്‍ നില്‍ക്കെ 14ാം ഓവറിലെ അഞ്ചാം പന്തിലാണ് സംഘത്തിന് ആദ്യ വിക്കറ്റ് നഷ്‌ടമായത്.
ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ (41 പന്തില്‍ 43) പുറത്താക്കി പൂജ വസ്ത്രാക്കറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. 17ാം ഓവറിലെ അവസാന പന്തിലാണ് വിഷ്‍മി പുറത്തായത്. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഹര്‍ഷിത മാധവി (9), കവിഷാ ദില്‍ഹാരി (2), നിലാക്ഷി ഡി സില്‍വ (1), ഹസിനി പെരേര (0), ഒഷഡി രണസിന്‍ഹേ (5) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. അനുഷ്‌ക സഞ്ജീവനി (8*), സുഗന്ധിക കുമാരി(1*) എന്നിവര്‍ പുറത്താവാതെ നിന്നു.
ഇന്ത്യയ്‌ക്കായി ദീപ്തി ശർമ രണ്ടും രേണുക സിങ്, രാധ യാദവ്, പൂജ വസ്ത്രാക്കര്‍, ഹർമന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. പരമ്പരയിലെ അവസാന മത്സരം തിങ്കളാഴ്‌ച ധാംബുള്ളയില്‍ നടക്കും.