മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തോടെ തുടങ്ങി ടീം ഇന്ത്യ (Team India). നിശ്ചിത 50 ഓവറില്‍ വിക്കറ്റുകളെല്ലാം നഷ്‌ടപ്പെട്ട് ഓസ്‌ട്രേലിയ (Australia) മുന്നോട്ടുവച്ച 277 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടില്‍ വലിയ സ്‌കോര്‍ കണ്ടെത്തിയ ശുഭ്‌മാന്‍ ഗില്‍ (Shubman Gill)- ഋതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) സഖ്യവും, നിര്‍ണായക ഘട്ടത്തില്‍ അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ കെഎല്‍ രാഹുലും (KL Rahul) സൂര്യകുമാര്‍ യാദവുമാണ് (Suryakumar Yadav) ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്.
തുടക്കം ഗംഭീരമാക്കി ഓപ്പണര്‍മാര്‍: ഓസ്‌ട്രേലിയ മുന്നില്‍വച്ച സാമാന്യം ഭേദപ്പെട്ട സ്‌കോറിനെതിരെ ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും ഋതുരാജ് ഗെയ്‌ക്‌വാദുമാണ് മറുപടി ബാറ്റിങിനിറങ്ങിയത്. തുടക്കം മുതല്‍ തന്നെ കരുതലോടെ ബാറ്റുവീശിയ ഇരുവരും ആവശ്യഘട്ടങ്ങളില്‍ ബൗണ്ടറികള്‍ കണ്ടെത്തി ടീം സ്‌കോര്‍ബോര്‍ഡില്‍ ചലനമുണ്ടാക്കി. എന്നാല്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ച് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് സമ്മര്‍ദത്തിലേക്ക് നീങ്ങാതിരിക്കാനും ഇരുവരും ശ്രദ്ധിച്ചു. ഇതോടെ ഇരുവരും അര്‍ധ സെഞ്ചുറിയും കുറിച്ചു.
ഒരുവേള വിക്കറ്റുകളൊന്നും വീഴാതെ തന്നെ ഇന്ത്യ ഓസ്‌ട്രേലിയയെ മറികടക്കുമെന്ന പ്രതീതിയും ഉയര്‍ന്നു. എന്നാല്‍ ടീം സ്‌കോര്‍ 142 ല്‍ നില്‍ക്കെ 22 ആം ഓവറിലെ നാലാം പന്തില്‍ ഗെയ്‌ക്‌വാദിനെ മടക്കി ആദം സാമ്പ ഓസ്‌ട്രേലിയയ്‌ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. സാമ്പയുടെ പന്തില്‍ ലെഗ് ബൈ വിക്കറ്റില്‍ കുരുങ്ങിയായിരുന്നു ഗെയ്‌ക്‌വാദ് മടങ്ങിയത്. തിരിച്ചുകയറുമ്പോള്‍ നേരിട്ട 77 പന്തുകളില്‍ നിന്നായി 10 ബൗണ്ടറികളുള്‍പ്പടെ 71 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
വിക്കറ്റ് വീഴ്‌ച, പക്ഷെ അതിജീവനം: തൊട്ടുപിന്നാലെ ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. സുഗമമായി പോവുന്ന ഗില്ലിനൊപ്പം കൂടി മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ഇന്ത്യന്‍ ക്യാമ്പില്‍ നിറഞ്ഞുവെങ്കിലും ജോഷ് ഇന്‍ഗ്ലിസ് ശ്രേയസിനെ റണ്ണൗട്ടിലൂടെ മടക്കിയയച്ചു. എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു ശ്രേയസിന് ടീം സ്‌കോറില്‍ എഴുതിച്ചേര്‍ക്കാനായത്. പിറകിലായി നായകന്‍ കെഎല്‍ രാഹുല്‍ നേരിട്ടെത്തി.
രാഹുലിനൊപ്പം ചേര്‍ന്ന് ഗില്‍ അപകടം വിതയ്‌ക്കുമെന്ന പ്രതീതിയുണര്‍ത്തിയെങ്കിലും ഗില്ലിനെ മടക്കി സാമ്പ വീണ്ടും കരുത്തുകാട്ടി. ക്ലീന്‍ ബൗള്‍ഡിലൂടെ ഗില്ലിനെ സാമ്പ മടക്കുമ്പോള്‍ 63 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമുള്‍പ്പടെ 74 റണ്‍സായിരുന്നു ഗില്ലിന്‍റെ ബാറ്റില്‍ പിറന്നത്. തൊട്ടുപിറകെ ഇഷാന്‍ കിഷന്‍ ( 26 പന്തില്‍ 18 റണ്‍സ്) ഇറങ്ങിയെങ്കിലും, താരത്തിന് കാര്യമായൊന്നും സംഭാവന ചെയ്യാനായില്ല.
വിജയത്തിലേക്ക് ബാറ്റ് വീശി രാഹുല്‍: ക്രീസില്‍ നിലയുറപ്പിച്ച രാഹുല്‍, ഈ സമയം മികച്ചൊരു കൂട്ടുകെട്ടിനായി കാത്തിരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് സൂര്യകുമാര്‍ യാദവെത്തുന്നത്. ഓസ്‌ട്രേലിയ തിരിച്ചുപിടിച്ചുവെന്ന് തോന്നിച്ച മത്സരം വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് രാഹുല്‍-സൂര്യകുമാര്‍ സഖ്യത്തിന്‍റെ ബാറ്റിങായിരുന്നു. ഇരുവരും വിജയത്തിനായി ബാറ്റ് വീശിയതോടെ ആളുവീതം അര്‍ധസെഞ്ചുറിയും പിറന്നു. മാത്രമല്ല ടീം സ്‌കോര്‍ 250 ഉം മറികടന്നു.
എന്നാല്‍ 49 പന്തില്‍ 50 റണ്‍സുമായി നില്‍ക്കെ ആബോട്ടിന്‍റെ പന്തില്‍ സൂര്യകുമാര്‍ മിച്ചല്‍ മാര്‍ഷിന്‍റെ കൈകളില്‍ ഒതുങ്ങി. അവസാന ഓവറുകളില്‍ ഇറങ്ങിയ രവീന്ദ്ര ജഡേജ (3) കെഎല്‍ രാഹുലിന് സുഗമമായി ബാറ്റ് വീശാന്‍ അവസരമൊരുക്കിയതോടെ തുടര്‍ച്ചയായ പന്തുകളില്‍ ബൗണ്ടറിയും സിക്‌സറും പായിച്ച് കെഎല്‍ രാഹുല്‍ ഇന്ത്യയെ വിജയതീരത്തുമെത്തിച്ചു. നേരിട്ട 63 പന്തില്‍ 58 റണ്‍സായിരുന്നു പരമ്പരയിലെ ഇന്ത്യന്‍ നായകന്‍റെ സമ്പാദ്യം. അതേസമയം ഓസ്‌ട്രേലിയയ്‌ക്കായി ആദം സാമ്പ രണ്ടും, സീന്‍ ആബോട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.