ബ്രിഡ്‌ജ്‌ടൗൺ : ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ തകർന്നടിഞ്ഞ് വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 23 ഓവറിൽ 114 റണ്‍സിന് ഓൾഔട്ട് ആയി. മൂന്ന് ഓവറിൽ രണ്ട് മെയ്‌ഡൻ അടക്കം വെറും ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായും തിളങ്ങി.
ഏകദിനത്തിൽ കുൽദീപിന്‍റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. 43 റണ്‍സ് നേടിയ ക്യാപ്‌റ്റൻ ഷായ് ഹോപിന് മാത്രമാണ് വിൻഡീസ് നിരയിൽ പിടിച്ച് നിൽക്കാനായത്. ആകെ നാല് ബാറ്റർമാർക്ക് മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കാണാനായത്. രണ്ട് ബാറ്റർമാർ സംപൂജ്യരായും മടങ്ങി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ കെയ്‌ല്‍ മെയേഴ്‌സിനെ രണ്ടാം ഓവറിൽ തന്നെ അവർക്ക് നഷ്‌ടമായി. 2 റണ്‍സ് നേടിയ താരത്തെ ഹാർദിക് പാണ്ഡ്യ നായകൻ രോഹിത് ശർമയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ എലിക് അഥാന്‍സെയും ഓപ്പണർ ബ്രാണ്ടന്‍ കിങും ചേർന്ന് മെല്ലെ സ്‌കോർ ഉയർത്തി.
എന്നാൽ ടീം സ്‌കോർ 42 നിൽക്കെ എലിക് അഥാന്‍സെയെ രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിച്ച് മുകേഷ് കുമാർ ഏകദിനത്തിന്‍റെ തന്‍റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത ഓവറിൽ ബ്രാണ്ടന്‍ കിങിനെ പുറത്താക്കി ശാർദുൽ താക്കൂറും വിക്കറ്റ് വേട്ടയിൽ പങ്ക് ചേർന്നു. ഇതോടെ 8.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 45 റണ്‍സ് എന്ന നിലയിലായി വെസ്റ്റ് ഇൻഡീസ്.
തുടർന്ന് ക്രീസിൽ ഒന്നിച്ച നായകൻ ഷായ് ഹോപും ഷിമ്രോന്‍ ഹെറ്റ്‌മെയറും ചേർന്ന് സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 88 ൽ നിൽക്കെ ഹെറ്റ്‌മെയറെ പുറത്താക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിന്‍റെ കൂട്ടത്തകർച്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
പിന്നാലെ റോവ്‌മാന്‍ പവല്‍ (4), റൊമാരിയോ ഷെപേര്‍ഡ് (0), ഡൊമിനിക് ഡ്രാക്‌സ് (3), യാന്നിക് കാരിയ (3), ജെയ്‌ഡന്‍ സീല്‍സ് (0) എന്നിവർ നിരനിരയായി പുറത്തായി. പവല്‍, ഷെപേര്‍ഡ് എന്നിവരെ ജഡേജ പുറത്താക്കിയപ്പോൾ ഡ്രാക്‌സ്, യാന്നിക് കാരിയ, സീല്‍സ് എന്നിവരായിരുന്നു കുൽദീപിന്‍റെ ഇരകൾ.
പ്ലേയിങ് ഇലവന്‍
ഇന്ത്യ : രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
വെസ്റ്റ് ഇൻഡീസ് : ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിങ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റോവ്‌മാന്‍ പവല്‍, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, ഡൊമിനിക് ഡ്രാക്‌സ്, ജെയ്‌ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.