ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ഹരാരെയില്‍ ഉച്ചതിരിഞ്ഞ് 12:45നാണ് മത്സരം. ആദ്യമത്സരം അനായാസം വിജയച്ചിതിന്‍റെ ആത്മവിശ്വാസത്തിലാകും ടീം ഇന്ത്യ ആതിഥേയര്‍ക്കെതിരെ കളത്തിലിറങ്ങുക.
നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട മത്സരങ്ങളാണ് ഇന്ത്യയ്‌ക്ക് പരമ്പരയില്‍ ശേഷിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങിന് അവസരം ലഭിക്കാതിരുന്നത് വലിയ തിരിച്ചടിയായിരുന്നു. വരുന്ന രണ്ട് മത്സരങ്ങളിലും രാഹുല്‍ കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിച്ച് റണ്‍സ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
ഏഷ്യ കപ്പിലും, ടി20 ലോകകപ്പിലും ഇന്ത്യയുടെ ആദ്യ പതിനൊന്നില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. രോഹിതിനൊപ്പം ഓപ്പണിങിലാകും രാഹുല്‍ ഇടം പിടിക്കുക. ശേഷിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന് അവസരം ലഭിക്കാതെ വന്നാല്‍ കനത്ത തിരിച്ചടി ഇന്ത്യയ്‌ക്ക് നേരിടേണ്ടി വരും.
സിംബാബ്‌വെയ്‌ക്കിതരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ക്യാപ്‌ടന്‍ രാഹുല്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആതിഥേയരെ 189 റണ്‍സില്‍ എറിഞ്ഞൊതുക്കാനും ഇന്ത്യന്‍ ബോളര്‍മാര്‍ക്കായി. മറുപടി ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്‍ - ശുഭ്‌മാന്‍ ഗില്‍ സഖ്യം അനായാസമാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. ഇരുവരും പുറത്താകാതെ അര്‍ധസെഞ്ച്വറിയും നേടി.
മത്സരത്തിന്‍റെ ആദ്യ മണിക്കൂറുകള്‍ ബോളര്‍മാര്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണ് ഹരാരെയില്‍ ലഭിച്ചത്. ഇത് മുതലെടുത്താണ് ഇന്ത്യയുടെ പേസ് ബോളര്‍ ദീപക് ചഹാര്‍ മത്സരത്തില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ പിച്ചില്‍ നിന്നും ബോളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ഒന്നും ലഭിച്ചിരുന്നില്ല.
ആദ്യ മണിക്കൂറുകളിലെ പിച്ചിലെ സ്വിങും, പേസും അനുസരിച്ച് കളിക്കുന്നതിന്‍റെ മത്സരപരിജയം ഇന്ത്യന്‍ താരങ്ങള്‍ക്ക് വരുന്ന ടൂര്‍ണമെന്‍റുകളില്‍ മുതല്‍കൂട്ടായി മാറും. അതിനാല്‍ തന്നെ രണ്ടാം മത്സരത്തില്‍ ടോസ് ലഭിച്ചാല്‍ ഇന്ത്യന്‍ നായകന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കാനാണ് സാധ്യത. ഇതിലൂടെ തന്‍റെ ബാറ്റിങിനെ പരീക്ഷിക്കാനും രാഹുലിന് അവസരം ലഭിക്കും.
മത്സരത്തിന്‍റെ തുടക്കത്തില്‍ ബോളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ ബാറ്റ് ചെയ്യുന്നത് ഇന്ത്യന്‍ ബാറ്റര്‍മാരെ ഏത് കടുത്ത വെല്ലുവിളിയും നേരിടാന്‍ പ്രാപ്‌തരാക്കും. രണ്ടാം സെഷനില്‍ ബോളര്‍മാര്‍ക്ക് അനുകൂലമല്ലാത്ത സാഹചര്യത്തില്‍ പന്തെറിയുന്നത് താരങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള അവസരവുമാണ് സൃഷ്‌ടിക്കുക.
ഏഷ്യ കപ്പിന് മുന്‍പായി പ്രകടനത്തെ വിലയിരുത്തുന്നതിനുള്ള അവസരവുമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരമ്പരയിലൂടെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ തകര്‍ത്ത ഷഹീന്‍ ഷാ അഫ്രീദി തുടങ്ങിയ താരങ്ങളെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ദുബായിയില്‍ നേരിടുക. അതിന് മുന്നോടിയായി രാഹുല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് തങ്ങളുടെ ബാറ്റിങ്ങ് ഫോം വീണ്ടെടുക്കേണ്ടതും പ്രധാനമാണ്.
ആറരമാസത്തോളം പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ദീപക് ചഹാര്‍ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തില്‍ ഏഴോവര്‍ പന്തെറിഞ്ഞ താരം മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ചഹാറിനൊപ്പെം, കെ എല്‍ രാഹുലിന്‍റെ തിരിച്ച് വരവും വലിയ ആകംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇന്ത്യന്‍ ടീം: കെ എൽ രാഹുൽ (ക്യാപ്‌റ്റന്‍) , ശിഖർ ധവാൻ , ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചഹാർ, ഷഹബാസ് അഹമ്മദ്
സിംബാബ്‌വെ ടീം: റെജിസ് ചകബ്‌വ (ക്യാപ്റ്റൻ), റയാൻ ബർൾ, തനക ചിവാംഗ, ബ്രാഡ്‌ലി ഇവാൻസ്, ലൂക്ക് ജോങ്‌വെ, ഇന്നസെന്റ് കൈയ, തകുദ്‌സ്വനാഷെ കൈറ്റാനോ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധെവെരെ, തടിവനഷെ മറുമണി, ജോൺ മസാര, ടോണി മൺയോങ്കാ, റിച്ചാർ നങ്കാർവ, വിക്‌ടർ ന്യുചി, സിക്കന്ദർ റാസ, മിൽട്ടൺ ഷുംബ, ഡൊണാൾഡ് ടിരിപാനോ.