പോർട്ട് ഓഫ് സ്പെയിൻ : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയുടെ 438 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 134 റണ്‍സ് എന്ന നിലയിലാണ്. ക്രിക്ക് മക്കൻസിയുടെ (32) വിക്കറ്റാണ് വെസ്റ്റ് ഇൻഡീസിന് ഇന്ന് നഷ്‌ടമായത്. 33 റൺസ് നേടിയ തഗെനരൈൻ ചന്ദർപോളിന്‍റെ വിക്കറ്റ് ആണ് വിൻഡീസിന് കഴിഞ്ഞ ദിനം നഷ്‌ടമായത്.
ഒരു വിക്കറ്റ് നഷ്‌ടത്തിൽ 86 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മത്സരത്തിന്‍റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. നായകൻ ക്രൈഗ് ബ്രാത്ത്‌വെയ്‌റ്റും, ക്രിക്ക് മക്കൻസിയുമായിരുന്നു ക്രീസിൽ. ഇരുവരും ചേർന്ന് ശ്രദ്ധയോടെത്തന്നെയാണ് ബാറ്റ് വീശിയത്. എന്നാൽ രണ്ടാം ദിനത്തിൽ നിന്ന് ടീം സ്‌കോറിലേക്ക് വെറും 46 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ വിൻഡീസിന് രണ്ടാം വിക്കറ്റ് നഷ്‌ടമായി.
ക്രിക്ക് മക്കൻസിയെ പുറത്താക്കി മുകേഷ് കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 57 പന്തിൽ ഒരു സിക്‌സും നാല് ഫോറും ഉൾപ്പെടെ 32 റണ്‍സാണ് മക്കൻസി നേടിയത്. വിക്കറ്റ് വീണതിന് തൊട്ടുപിന്നാലെ മത്സരത്തിൽ മഴ തടസമായെത്തി. തുടർന്ന് ഇരു ടീമുകളും ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു. ഒരു മണിക്കൂറിന് ശേഷമാണ് മത്സരം വീണ്ടും പുനരാരംഭിച്ചത്. തുടർന്ന് ജെർമെയ്ൻ ബ്ലാക്ക് വുഡ് ക്രീസിലെത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലിയുടെ തകർപ്പൻ സെഞ്ച്വറി മികവിലാണ് കൂറ്റൻ സ്‌കോറിലേക്ക് എത്തിയത്. അന്താരാഷ്‌ട്ര കരിയറിൽ തന്‍റെ 500-ാം മത്സരം സെഞ്ച്വറിയോടെയാണ് ഇന്ത്യൻ റണ്‍മെഷീൻ ആഘോഷിച്ചത്. 206 പന്തിൽ 11 ഫോറുകളുടെ അകമ്പടിയോടെ 121 റണ്‍സ് നേടിയാണ് കോലി പുറത്തായത്. സെഞ്ച്വറി നേട്ടത്തിലൂടെ ഒട്ടനവധി റെക്കോഡുകളും കോലി തന്‍റെ പേരിൽ കുറിച്ചിരുന്നു.
ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും 139 റണ്‍സാണ് കൂട്ടിച്ചേർത്തത്. 57 റണ്‍സെടുത്ത ജയ്‌സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. തുടർന്ന് ക്രീസിലെത്തിയ ശുഭ്‌മാൻ ഗില്ലിന് നിലയുറപ്പിക്കാനായില്ല. 10 റണ്‍സ് നേടി താരം മടങ്ങി. പിന്നാലെയാണ് വിരാട് കോലി ക്രീസിലേക്കെത്തിയത്.
ഗില്ലിന് പിന്നാലെ തന്നെ നായകൻ രോഹിത് ശർമയും പുറത്തായി. 143 പന്തിൽ 80 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. രോഹിത് ശേഷം ക്രീസിലെത്തിയ രഹാനെ (8) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. തുടർന്ന് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രണ്ടാം ദിനം കോലി സെഞ്ച്വറിയിലേക്ക് നീങ്ങി. ടീം സ്‌കോർ 341 ൽ നിൽക്കെയാണ് കോലിയെ റണ്‍ഔട്ടിലൂടെ പുറത്താക്കി വെസ്റ്റ് ഇൻഡീസ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
കോലിക്ക് പിന്നാലെ അർധ സെഞ്ച്വറി നേടിയ ജഡേജയും പുറത്തായി. 152 പന്തിൽ 61 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം. ഇതോടെ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 360 റണ്‍സ് എന്ന നിലയിലെത്തി. തുടർന്ന് ക്രീസിൽ ഒന്നിച്ച ഇഷാൻ കിഷനും രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇന്ത്യൻ സ്‌കോർ വീണ്ടും ഉയർത്തി. ടീം സ്‌കോർ 393ൽ നിൽക്കെയാണ് ഇഷാൻ കിഷനെ (25) ഇന്ത്യക്ക് നഷ്‌ടമായത്.
പിന്നാലെ അശ്വിൻ അർധ സെഞ്ച്വറി പൂർത്തിയാക്കി. ഇതിനിടെ ജയദേവ് ഉനദ്‌ഘട്ട് (7), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്‌ടമായി. ഒടുവിൽ 56 റണ്‍സ് നേടിയ അശ്വിനെ പുറത്താക്കി വിൻഡീസ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിന് തിരശീലയിടുകയായിരുന്നു.