അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കാനായ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. ഉച്ചക്ക് 1.30 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇന്നത്തെ മത്സരം വിജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
അതേ സമയം ആദ്യ മത്സരത്തിൽ നിന്ന് വിപരീതമായി ആരെയൊക്കെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്ന ചിന്തയിലാണ് ടീം മാനേജ്‌മെന്‍റ്. കൊവിഡ് മുക്‌തനായ ശിഖാർ ധവാനും, ശ്രേയസ് അയ്യർക്കും പുറമെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ കെ.എൽ രാഹുലും, മായങ്ക് അഗർവാളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
വൈസ് ക്യാപ്‌റ്റനായതിനാൽ രാഹുൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകും. എന്നാൽ ധവാന്‍റെയും ശ്രേയസിന്‍റെ കാര്യത്തിലാണ് ഇന്ത്യൻ ടീം തലപുകക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിൽ കളിച്ച ധവാനാകും പ്ലേയിങ് ഇലവനിൽ ഇടം നേടാൻ കൂടുതൽ സാധ്യത. അങ്ങനെവന്നാൽ ആരൊക്കെ ഓപ്പണറാകും എന്നതിലും തീരുമാനമെടുക്കണം.
ALSO READ: ISL: ഹൈദരാബാദിനെ അട്ടിമറിച്ച് മോഹൻ ബഗാൻ; പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക്
ആദ്യ ഏകദിനത്തിൽ വിൻഡീസിനെതിരെ ആറ് വിക്കറ്റിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിന്‍റെ 177 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 27.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറിയുമായി തിളങ്ങിയ നായകൻ രോഹിത് ശർമ(60) യാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസിനെ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലും, വാഷിങ്ടണ്‍ സുന്ദറും ചേർന്നാണ് എറിഞ്ഞൊതുക്കിയത്. ചാഹൽ നാല് വിക്കറ്റും സുന്ദർ മൂന്ന് വിക്കറ്റും നേടി. പ്രസീദ് കൃഷ്‌ണ രണ്ട് വിക്കറ്റും വീഴ്‌ത്തി.