പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. നായകൻ ശിഖർ ധവാൻ (97), ശുഭ്‌മാൻ ഗിൽ (64), ശ്രേയസ് അയ്യർ (56) എന്നിവരുടെ അർധ സെഞ്ച്വറി മികവാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. നിലവിൽ 40 ഓവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തിൽ 248 റണ്‍സ് നേടിയിട്ടുണ്ട്. പോർട്ട് ഓഫ് സ്‌പെയിനില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണും ദീപക് ഹൂഡയുമാണ് ക്രീസിൽ.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചുകൊണ്ടണ് ഓപ്പണർമാർ തുടങ്ങിയത്. മോശം പന്തുകൾ തെരഞ്ഞുപിടിച്ച് പ്രഹരിച്ച ധവാൻ- ഗിൽ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 119 റണ്‍സാണ് കൂട്ടിച്ചേർത്തത്. ആക്രമിച്ച് കളിച്ച ഗിൽ 36 പന്തിൽ ഏകദിനത്തിലെ തന്‍റെ ആദ്യ അർധ സെഞ്ച്വറി പൂർത്തിയാക്കി. വൈകാതെ ധവാനും അർധ ശതകം കടന്നു.
എന്നാൽ 18-ാം ഓവറിൽ അശ്രദ്ധമായി റണ്‍സിനായി ഓടിയ ഗിൽ പുരാന്‍റെ തകർപ്പൻ ത്രോയിൽ പുറത്തായി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ ധവാന് മികച്ച പിന്തുണ നൽകി ബാറ്റ് വീശി. ഇരുവരും ചേർന്ന് ടിം സ്‌കോർ 200 കടത്തി. എന്നാൽ സെഞ്ച്വറിയിലേക്ക് അടുത്തുകൊണ്ടിരുന്ന ധവാൻ ടീം സ്‌കോർ 213ൽ നിൽക്കെ പുറത്തായി.
99 പന്തുകളിൽ നിന്ന് 10 ഫോറിന്‍റെയും മൂന്ന് സിക്‌സിന്‍റെയും അകമ്പടിയോടെ 97 റണ്‍സ് നേടിയ താരത്തെ ഷമാർ ബ്രൂക്‌സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ധവാൻ പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യർ തന്‍റെ അർധ ശതകം പൂർത്തിയാക്കി. എന്നാൽ അധികം വൈകാതെ ശ്രേയസും മടങ്ങി. തുടർന്ന് ഒന്നിച്ച സൂര്യകുമാർ- സഞ്ജു കൂട്ടുകെട്ട് വീക്കറ്റ് വീഴ്‌ത്താതെ ശ്രദ്ധയോടെ ബാറ്റ് വീശി. എന്നാൽ ടീം സ്‌കോർ 247 ൽ നിൽക്കെ സൂര്യകുമാറും പുറത്തായി.