ഫ്ലോറിഡ : ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 166 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 165 റണ്‍സ് നേടി. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് ഓപ്പണർമാർ ഇത്തവണ നിരാശപ്പെടുത്തിയപ്പോൾ സൂര്യകുമാർ യാദവിന്‍റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. നാല് വിക്കറ്റ് നേടിയ റൊമാരിയോ ഷെപ്പേർഡാണ് ഇന്ത്യൻ ബാറ്റർമാരെ പിടിച്ചുകെട്ടിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. നാലാം മത്സരത്തിൽ വിൻഡീസിനെ ഞെട്ടിച്ച് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും (5), ശുഭ്‌മാൻ ഗില്ലും (9) ഇത്തവണ നിരാശപ്പെടുത്തി. അകേൽ ഹൊസൈനാണ് ഇരുവരെയും വീഴ്‌ത്തിയത്. ജയ്‌സ്വാൾ ആദ്യ ഓവറിന്‍റെ അഞ്ചാം പന്തിൽ അകേൽ ഹൊസൈന് റിട്ടേണ്‍ ക്യാച്ച് നൽകി മടങ്ങിയപ്പോൾ, ഗിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
ഇതോടെ ഇന്ത്യ 2.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 17 റണ്‍സ് എന്ന നിലയിലേക്കെത്തി. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് സ്‌കോർ ഉയർത്തി. ഇരുവരും ആക്രമിച്ച് കളിച്ചതോടെ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് നീങ്ങുമെന്ന പ്രതീതിയുണ്ടായി. എന്നാൽ ടീം സ്‌കോർ 66ൽ നിൽക്കെ തിലക് വർമയെ പുറത്താക്കി റോസ്റ്റൺ ചേസ് ഈ കൂട്ടുകെട്ട് പൊളിച്ചു. പുറത്താകുമ്പോൾ 28 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 27 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
നിരാശപ്പെടുത്തി സഞ്ജു : ക്രീസിലെത്തിയ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാൻ അവസരമുണ്ടായിട്ടും താരത്തിന് അത് വിനിയോഗിക്കാനായില്ല. ഒൻപത് പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 13 റണ്‍സ് നേടിയ താരം റൊമാരിയോ ഷെപ്പേർഡിന്‍റെ പന്തിൽ കീപ്പർ നിക്കോളാസ് പുരാന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
പിന്നാലെയെത്തിയ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാർ വെടിക്കെട്ട് ബാറ്റിങ് തുടർന്ന്. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. അമിത പ്രതിരോധത്തിലൂന്നിയാണ് ഹാർദിക് ബാറ്റ് വീശിയത്. ഇതിനിടെ 15-ാം ഓവറിൽ മഴ വില്ലനായെത്തി. മഴ മാറി മത്സരം പുനരാരംഭിച്ചതോടെ ഹാർദിക് ഗിയർ മാറ്റിയെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല.
റൊമാരിയോ ഷെപ്പേർഡിനെ സിക്‌സിന് പറത്തി വെടിക്കെട്ടിന് തുടക്കം കുറിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ ഹോൾഡർക്ക് ക്യാച്ച് നൽകി ഹാർദിക് മടങ്ങുകയായിരുന്നു. 18 പന്തിൽ ഒരു സിക്‌സ് ഉൾപ്പെടെ 14 റണ്‍സേ ഹാർദിക്കിന് നേടാനായുള്ളു. ഇതിന് പിന്നാലെ സൂര്യകുമാർ യാദവും മടങ്ങി.
17-ാം ഓവറിന്‍റെ അഞ്ചാം പന്തിൽ ജേസൻ ഹോൾഡർ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 45 പന്തിൽ മൂന്ന് സിക്‌സുകളും നാല് ഫോറുകളും ഉൾപ്പെടെ 61 റണ്‍സ് നേടിയാണ് സൂര്യകുമാർ മടങ്ങിയത്. പിന്നാലെ റൊമാരിയോ ഷെപ്പേർഡിന്‍റെ 18-ാം ഓവറിന്‍റെ നാലാം പന്തിൽ അർഷ്‌ദീപ് സിങും (8) അഞ്ചാം പന്തിൽ കുൽദീപ് യാദവും (0) മടങ്ങി.
ഇതിനിടെ അക്‌സർ പട്ടേൽ റണ്‍സ് ഉയർത്താൻ ശ്രമിച്ചെങ്കിലും അവസാന ഓവറിൽ താരവും പുറത്തായി. 9 പന്തിൽ 13 റണ്‍സ് നേടിയ അക്‌സറിനെ ജേസൻ ഹോൾഡർ റൊമാരിയോ ഷെപ്പേർഡിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് നാല് വിക്കറ്റ് വീഴ്‌ത്തി. അകേൽ ഹൊസൈൻ, ജേസൺ ഹോൾഡർ എന്നിവർ രണ്ട് വിക്കറ്റും റോസ്റ്റൺ ചേസ് ഒരു വിക്കറ്റും നേടി.