മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് തന്‍റെ നിലവാരത്തിന് അനുസരിച്ച് കളിക്കാനാവുന്നില്ലെന്ന് മുൻ താരം ഇർഫാൻ പഠാന്‍. വൈകാതെ തന്നെ താരത്തിന് തന്‍റെ ഫോമിലേക്ക് തിരികെയെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയെ മികച്ച ടീമാക്കി മാറ്റുമെന്നും പഠാന്‍ പറഞ്ഞു.
"തീർച്ചയായും, തന്‍റെ നിലവാരത്തിന് അനുസരിച്ച് രോഹിത്തിന് കളിക്കാന്‍ കഴിയുന്നില്ല. അതല്‍പ്പം കുറഞ്ഞതായി തോന്നുന്നു. മികച്ച ബാറ്ററാണ് രോഹിത്. 2019 ലോകകപ്പിൽ അത്ഭുതകരമായി ബാറ്റ് ചെയ്ത അദ്ദേഹം അഞ്ച് സെഞ്ചുറികളാണ് നേടിയത്. രോഹിത് ഇക്കാര്യം ഓർക്കുകയും തന്‍റെ ഫോം വീണ്ടെടുക്കുകയും വേണം.
ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ രോഹിത്തിന്‍റെ ഫോം തിരികെ വന്നാല്‍ ഇന്ത്യയേക്കാള്‍ മികച്ച മറ്റൊരു ടീമുണ്ടാകില്ല. പ്രത്യേകിച്ചും ലോകകപ്പ് സ്വന്തം മണ്ണില്‍ നടക്കുന്ന സാഹചര്യത്തില്‍". ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
രോഹിത് തന്‍റെ ഫിറ്റ്‌നസില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി. അദ്ദേഹം ഇതിനകം തന്നെ ഒരു മഹാനായ കളിക്കാരനാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയ്‌ക്ക് ഒരു മികച്ച നായകന്‍ കൂടിയാണ് അദ്ദേഹം. ഈ ടീമിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ രോഹിത്തിന് കഴിയുമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം 35കാരനായ രോഹിത് നാളെ വീണ്ടും ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങും. ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലൂടെയാണ് രോഹിത് ടീമിലേക്ക് മടങ്ങിയെത്തുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെ തള്ളവിരലിന് പരിക്കേറ്റ രോഹിത് ടീമില്‍ നിന്നും പുറത്തായിരുന്നു.
Also read: പ്രോട്ടീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ പ്രിട്ടോറിയസ് വിരമിച്ചു