ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. ടി20 പരമ്പര വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
ഹാർദിക്ക് പണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവ നിരയാണ് ഏഷ്യന്‍ ചാമ്പ്യന്മാരായ ലങ്കയെ ടി20 പരമ്പരയില്‍ കീഴടക്കിയത്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങി താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതോടെ ടീമിന്‍റെ കരുത്ത് വര്‍ധിക്കും.
ഇരട്ട സെഞ്ച്വറിക്ക് ഇടമില്ല: തനിക്കൊപ്പം ശുഭ്‌മാൻ ഗിൽ ഓപ്പണറായി എത്തുമെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടി തിളങ്ങിയ ഇഷാന്‍ കിഷന്‍ പുറത്തിരിക്കേണ്ടിവരും. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക.
കെഎല്‍ രാഹുലാവും വിക്കറ്റ് കാക്കുക. പേസര്‍മാരായ മുഹമ്മദ് ഷമി, സിറാജ് എന്നിവര്‍ ഉറപ്പാണ്. ഓള്‍ റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിനും സ്‌പിന്നര്‍ കുല്‍ദീപ് യാദവിനും ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദാസുൻ ഷനകയ്ക്ക് കീഴിലിറങ്ങുന്ന ലങ്കന്‍ നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. ഭാനുക രാജപക്‌സെ, നുവാൻ തുഷാര എന്നിവരെ ടി20 പരമ്പരയ്‌ക്ക് മാത്രമായാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇരുവര്‍ക്കും പകരം ജെഫറി വാൻഡർസെയും നുവാനിദു ഫെർണാണ്ടോയും ടീമിലെത്തും. ലങ്കയ്‌ക്കായി ഏകദിന അരങ്ങേറ്റത്തിനാണ് ഇരുവരും ഒരുങ്ങുന്നത്.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചാണ് ഗുവാഹത്തിയിലേത്. മധ്യ ഓവറുകളിൽ സ്പിന്നർമാർക്ക് ആധിപത്യം നേടാനാവുമ്പോള്‍ മത്സരത്തിന്‍റെ അവസാന പകുതിയിൽ പേസർമാർക്ക് ചില സഹായം ലഭിച്ചേക്കാം. ഇതോടെ ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഇന്ത്യയ്‌ക്ക് മികച്ച റെക്കോഡുള്ള പിച്ച് കൂടിയാണിത്. നേരത്തെ ഇവിടെ നടന്ന ഏക ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ 322 റണ്‍സ് 42.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്.
കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ശ്രീലങ്ക ടി20 പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അർഷ്ദീപ് സിങ്.
ശ്രീലങ്ക: ദസുൻ ഷനക (ക്യാപ്‌റ്റന്‍), പാത്തും നിസ്സങ്ക, അവിഷ്‌ക ഫെർണാണ്ടോ, സദീര സമരവിക്രമ, കുശാൽ മെൻഡിസ് (വൈസ് ക്യാപ്‌റ്റന്‍), ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ, അഷെൻ ബണ്ഡാര, മഹീഷ് തീക്ഷണ, ചാമിക കരുണരത്‌നെ, ജെഫറി വാൻഡർസെ, ദിൽഷൻ മധുശങ്ക, കസുൻ രജിത, നുവാനിദു ഫെർണാണ്ടോ, ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ, ലഹിരു കുമാര.
Also read: രോഹിത്തിന്‍റെ നിലവാരം കുറഞ്ഞു; ഫോമിലേക്ക് മടങ്ങിയെത്തണമെന്ന് ഇര്‍ഫാന്‍ പഠാന്‍