ജൊഹാനസ്ബര്‍ഗ്: വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 240 റണ്‍സ് വിജയ ലക്ഷ്യം. രണ്ടിന് 85 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ 266 റണ്‍സിന് പുറത്തായി.
മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ കഗിസോ റബാദ, മാർക്കോ ജാൻസൺ, ലുംഗി എന്‍ഗിഡി എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ഡ്യൂവാന്‍ ഒലിവിയർ ഒരു വിക്കറ്റും സ്വന്തമാക്കി.
അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (53), അജിങ്ക്യ രഹാനെ (58) എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ആറാമനായി ക്രീസിലെത്തി പുറത്താവാതെ നിന്ന ഹനുമ വിഹാരിയും (40) നിര്‍ണായകമായി.
കെഎല്‍ രാഹുല്‍ (8), മായങ്ക് അഗര്‍വാള്‍ (23), റിഷഭ് പന്ത് (0), ആര്‍ അശ്വിന്‍ (16), ശാര്‍ദുല്‍ താക്കൂര്‍ (28), മുഹമ്മദ് ഷമി (0), ജസ്‌പ്രീത് ബുംറ (7), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 202ന് മറുപടിക്കിറങ്ങിയ പ്രോട്ടീസ് 27 റണ്‍സിന്‍റെ ലീഡ് നേടി 229 റണ്‍സിനാണ് പുറത്തായത്.
17.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ശാര്‍ദുല്‍ താക്കൂറിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടയാത്. മുഹമ്മദ് ഷമി രണ്ടും, ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
118 പന്തില്‍ 62 നേടിയ കീഗൻ പീറ്റേഴ്സണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 60 പന്തില്‍ 51 റണ്‍സെടുത്ത തെംബ ബാവുമയും വാലറ്റത്ത് ചെറുത്ത് നില്‍പ്പ് നടത്തിയ മാർക്കോ ജാൻസൺ (21), കേശവ് മഹാരാജ് (21) എന്നിവരുടെ ലീഡ് നേടുന്നതില്‍ നിര്‍ണായകമായി.
ഡീൻ എൽഗാര്‍ (28), എയ്ഡന്‍ മാര്‍ക്രം (7), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (1) കൈല്‍ വെറെയ്ന്‍ (21), കഗിസോ റബാദ (0), ലുംഗി എന്‍ഗിഡി (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഡ്യൂവാന്‍ ഒലിവിയർ (1) പുറത്താവാതെ നിന്നു.