ന്യൂഡല്‍ഹി : ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ഐസിസി നേരത്തെ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദിലാണ് അയല്‍ക്കാരുടെ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ തീയതി മാറ്റാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. നവരാത്രി ആഘോഷം പ്രമാണിച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഒക്‌ടോബര്‍ 15-നാണ് നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുന്നത്. അഹമ്മദാബാദിലും ഗുജറാത്ത് മുഴുവനും നവരാത്രി ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ ഏജൻസികൾ ബിസിസിഐയോട് തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ പോലൊരു വലിയ മത്സരത്തിനായി ആയിരക്കണക്കിന് ആളുകള്‍ പുറത്ത് നിന്നുള്‍പ്പടെ എത്തും. ഈ സാഹചര്യത്തില്‍ നഗരത്തിലെ തിരക്ക് വര്‍ധിക്കുന്നതടക്കം കാരണങ്ങള്‍ സുരക്ഷയെ ബാധിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ കഴിയുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് നിലവില്‍ ബിസിസിഐയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. അതേസമയം മത്സരം നിശ്ചയിച്ചതിന് ഒരു ദിവസം മുന്‍പ്, ഒക്‌ടോബർ 14-ന് നടത്താണ് നിലവിലെ ആലോചനകളെന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഒരു കാരണവശാലും മത്സരത്തിന്‍റെ വേദി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറത്തേക്ക് പോകില്ലെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്.
ചിരവൈരികള്‍ തമ്മിലുള്ള മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ച് മണിക്കൂറുകള്‍ക്കകം തന്നെ വിറ്റ് തീര്‍ന്നിരുന്നു. ഇതോടെ മത്സരത്തിന്‍റെ തീയതി മാറ്റാന്‍ തീരുമാനമുണ്ടായാല്‍ ആരാധകര്‍ തങ്ങളുടെ യാത്രാപദ്ധതികളിലും മാറ്റം വരുത്തേണ്ടി വരും. ഇന്ത്യ-പാക് മത്സരം നടക്കുന്നത് പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കിലും ഹോട്ടല്‍ മുറി വാടകയിലും വമ്പന്‍ വര്‍ധനവാണുണ്ടായിരുന്നത്. വലിയ തുകയ്‌ക്ക് ഇവ മുന്‍കൂട്ടി ബുക്ക് ചെയ്‌ത ആരാധകര്‍ക്ക് സാമ്പത്തിക നഷ്‌ടത്തിനും ഇത് കാരണമായേക്കും.
ഹോട്ടലുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകര്‍ ആശുപത്രി കിടക്കകള്‍ വരെ ബുക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ടുവെങ്കിലും പാകിസ്ഥാന്‍റെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഐസിസിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തെ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ എത്തൂവെന്നാണ് നിലവില്‍ പാകിസ്ഥാന്‍റെ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാക് പ്രധാനമന്ത്രി ഒരു മന്ത്രിതല സമിതിയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ സമിതിയുടെ നിര്‍ദേശപ്രകാരമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നാണ് വിവരം.
ALSO READ: ODI World Cup | "ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി", വസിം ജാഫറിന്‍റെ ടീമില്‍ നിറയെ സർപ്രൈസ്
ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ 10 ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഐസിസി ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.