ലഖ്‌നൗ: ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ലഖ്‌നൗവിൽ രാത്രി എഴ് മണിക്കാണ് മത്സരം. റാഞ്ചിയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ 20 റണ്‍സിന്‍റെ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം മറുവശത്ത് ഏകദിന പരമ്പരയിലെ നാണംകെട്ട തോൽവിക്ക് ടി20 പരമ്പരയിലൂടെ മറുപടി നൽകുകയാകും ന്യൂസിലാൻഡിന്‍റെ ലക്ഷ്യം.
ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്‍റെയും പേസർ അർഷ്‌ദീപ് സിങിന്‍റെയും ടി20യിലെ പ്രകടനം ഇന്ത്യൻ ക്യാമ്പിന് ആശങ്ക നൽകുന്നതാണ്. ഏകദിനത്തിൽ മിന്നും ഫോമിൽ തിളങ്ങിയെങ്കിലും ടി20 ക്രിക്കറ്റിന്‍റെ പ്രഹരശേഷി കൈവരിക്കാൻ ഗില്ലിന് കഴിയുന്നില്ല എന്നതാണ് വലിയ പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പകരക്കാരനായി ബെഞ്ചിലിരിക്കുന്ന പൃഥ്വി ഷാ പവർപ്ലേയിൽ തകർത്തടിക്കാൻ കഴിവുള്ള താരമാണ്.
ഗില്ലോ ഷായോ? എന്നാൽ ഏകദിന പരമ്പരയിലെ താരമായിരുന്ന ഗില്ലിനെ പുറത്തിരുത്താൻ നായകൻ ഹാർദിക് പാണ്ഡ്യ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ശുഭ്‌മാൻ ഗില്ലിന് തന്നെയാകും പ്രഥമ പരിഗണന എന്ന് പരമ്പരയ്‌ക്ക് മുന്നേതന്നെ ഹാർദിക് പാണ്ഡ്യ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തോൽവിയും ഗില്ലിന്‍റെ മെല്ലെപ്പോക്കും നായകനെയും പരിശീലകൻ രാഹുൽ ദ്രാവിഡിനെയും മാറ്റി ചിന്തിപ്പിക്കുമോ എന്ന കാര്യവും കാത്തിരുന്ന് തന്നെ കാണണം.
അർഷ്‌ദീപിന് എന്തുപറ്റി: അതേസമയം ബോളിങ് നിരയാണ് ഇന്ത്യൻ ടീമിന് ഏറ്റവുമധികം തലവേദന നൽകുന്നത്. കരിയറിന്‍റെ തുടക്കത്തിൽ മികച്ച ഡെത്ത് ഓവർ ബോളറായി ഉയർന്നുവന്ന അർഷ്‌ദീപ് സിങ്ങ് ഇപ്പോൾ തലങ്ങും വിലങ്ങും അടിവാങ്ങി കൂട്ടുകയാണ്. അടി വാങ്ങുന്നത് കൂടാതെ നോബോളുകളും വൈഡുകളും യഥേഷ്‌ടം എറിഞ്ഞു നൽകുന്നുമുണ്ട് താരം. കഴിഞ്ഞ മത്സരത്തിൽ തന്നെ നാല് ഓവറിൽ 51 റണ്‍സാണ് താരം വഴങ്ങിയത്.
കരിയറിന്‍റെ തുടക്കത്തിൽ ഓവറിൽ ശരാശരി എട്ട് റൺസ് മാത്രം വിട്ടുകൊടുത്തിരുന്ന അർഷ്‌ദീപ് അവസാന അഞ്ച് മത്സരങ്ങളിലായി ഓവറിൽ 11 റൺസിനു മുകളിലാണ് വഴങ്ങിയത്. അർഷ്‌ദീപിനൊപ്പം പേസ് നിരയിലുള്ള ഉമ്രാൻ മാലിക്കിനും മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല. ആദ്യ ടി20യിൽ ഒരു ഓവർ മാത്രമാണ് ഉമ്രാൻ എറിഞ്ഞത്. ആ ഓവറിൽ 16 റണ്‍സും താരം വഴങ്ങിയിരുന്നു.
അതേസമയം അർഷ്‌ദീപിന് പകരം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന മുകേഷ് കുമാറിന് ഇന്നത്തെ മത്സരത്തിൽ അവസരം നൽകുമോ എന്നതും ആരാധകൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. കൂടാതെ ഇഷാൻ കിഷനും രാഹുൽ ത്രിപാഠിയും അടങ്ങുന്ന മുന്നേറ്റ നിരയും ഫോമിലേക്കുയരേണ്ടതുണ്ട്.
എവിടെ കാണാം: ഇന്ത്യ ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം രാത്രി 7 മണിക്ക് ലഖ്‌നൗവിലാണ് നടക്കുന്നത്. ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയിലൂടെ ഓണ്‍ലൈനായും മത്സരം കാണാന്‍ സാധിക്കും.