ലണ്ടൻ: ലെസ്‌റ്റർഷെയർ ഫോക്‌സിനെതിരായ സന്നാഹമത്സരത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 246 റണ്‍സിന് ഡിക്ലയർ ചെയ്‌ത ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെസ്‌റ്റർഷെയറിന്‍റെ മുൻനിര വിക്കറ്റുകൾ പിഴുതു. നിലവിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 101 റണ്‍സ് എന്ന നിലയിലാണ് ലെസ്‌റ്റർഷെയർ. റിഷഭ് പന്ത് (22), ഋഷി പട്ടേൽ (20) എന്നിവരാണ് ക്രീസിൽ.
ലെസ്‌റ്റർഷെയറിനായി കളിക്കുന്ന ഇന്ത്യൻ താരം ചേത്ശ്വർ പുജാരയെ (0) മുഹമ്മദ് ഷമി പുറത്താക്കി. ലൂയിസ് കിംബർ (31), സാമുവൽ ഇവാൻസ് (1), ജോയ് എവിസണ്‍ (22) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഇന്ത്യക്കായി മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുവീതം വീഴ്‌ത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 246 റണ്‍സെടുത്തത്. വൻ തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ ശ്രീകർ ഭരത്താണ് (70) താങ്ങി നിർത്തിയത്. വിരാട് കോലി (33), രോഹിത് ശർമ (25) എന്നിവരും അൽപസമയം പിടിച്ചുനിന്നു. പിന്നാലെ വാലറ്റത്ത് ഉമേഷ് യാദവിനെയും (23) മുഹമ്മദ് ഷമിയെയും (18*) കൂട്ടുപിടിച്ച് ശ്രീകർ ഭരത് സ്കോറുയർത്തുകയായിരുന്നു.