ലീഡ്‌സ് : ഹെഡിങ്‌ലേയിലെ ഇംഗ്ലീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീം 78 റണ്‍സിന് പുറത്തായി. 105 പന്തില്‍ 19 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
54 പന്തില്‍ 18 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്‌മാന്‍. ടീം ടോട്ടലിലെ 16 റണ്‍സ് എക്‌സ്ട്രായിനത്തില്‍ ലഭിച്ചതാണ്.
തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നേടി പേരുകേട്ട ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത ജെയിംസ് ആന്‍ഡേഴ്‌സണാണ് അതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
ക്രെയ്‌ഗ് ഓവര്‍ടണും മൂന്ന് വിക്കറ്റുകള്‍ നേടി.ഒല്ലി റോബിന്‍സണ്‍, സാം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ന്യൂ ബോളില്‍ ആൻഡേഴ്‌സണ്‍ - ഒല്ലി റോബിൻസണ്‍ സഖ്യം ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു.
ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഫോമിലുള്ള കെഎല്‍ രാഹുലിനെ പൂജ്യത്തിന് തിരിച്ചയച്ച് ആന്‍ഡേഴ്‌സണ്‍ ഇന്ത്യയെ ഞെട്ടിച്ചു.
തുടര്‍ന്ന് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ചേതേശ്വര്‍ പുജാര(1)യേയും പതിനൊന്നാം ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ വീരാട് കോലി(7)യേയും ആന്‍ഡേഴ്‌സണ്‍ വീഴ്‌ത്തി.
also read: ടെസ്റ്റില്‍ കൂടുതല്‍ തവണ കോലിയെ പുറത്താക്കി ; നഥാൻ ലിയോണിനൊപ്പമെത്തി ആന്‍ഡേഴ്‌സണ്‍
53 പന്തുകള്‍ പ്രതിരോധിച്ച അജിങ്ക്യ രഹാനെയെ ഒല്ലി റോബിന്‍സണ്‍ ബട്‌ലറുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ റിഷഭ് പന്ത് ഒമ്പത് പന്തില്‍ രണ്ട് റണ്‍സെടുത്ത് നില്‍ക്കെ റോബിന്‍സണിന്‍റെ പന്തില്‍ ബട്‌ലര്‍ പിടികൂടി തിരിച്ചയച്ചു.
ആറാമനായാണ് രോഹിത് ശര്‍മ പുറത്തായത്. ക്രെയ്‌ഗ് ഓവര്‍ടണിന്‍റെ പന്തില്‍ റോബിന്‍സണ്‍ പിടികൂടിയാണ് രോഹിത്ത് കീഴടങ്ങിയത്.
തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഷമിയേയും ഓവര്‍ടണ്‍ തിരിച്ചയച്ചു. അധികം വൈകാതെ തന്നെ രവീന്ദ്ര ജഡേജ (4)യെ സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ജസ്പ്രീത് ബുംറയേയും കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
10 പന്തുകള്‍ നേരിട്ട മുഹമ്മദ് സിറാജി(3)നെ ഓവര്‍ടണ്‍ ജോ റൂട്ടിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യന്‍ ഇന്നിങ്സിന് തിരശീല വീണു. 10 പന്തില്‍ എട്ട് റണ്‍സുമായി ഇഷാന്ത് ശര്‍മ പുറത്താവാതെ നിന്നു.