ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയില്‍. സെഞ്ചുറി പ്രകടനം നടത്തിയ കെഎല്‍ രാഹുലിന്‍റേയും (102* ) അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടേയും (83) മികവിലാണ് മത്സരത്തിന്‍റെ ആദ്യ ദിനം ഇന്ത്യ അനുകൂലമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 77.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്തിന് പുറമെ ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുടെ വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആന്‍ഡേഴ്സണാണ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്. 37 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് രാഹുലിനൊപ്പം ക്രീസിലുള്ളത്.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമായിരുന്നു ആദ്യ ഓവറുകളില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ നടത്തിയത്. മികച്ച സ്വിംഗ് കണ്ടെത്തിയ ഇംഗ്ലണ്ട് പേസര്‍മാര്‍ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ വെള്ളം കുടിപ്പിച്ചു.
also read:"ആരെങ്കിലും കരുതിയോ ലിയോ ?!"; മെസിയെ സ്വാഗതം ചെയ്ത് റാമോസ്
ആദ്യ 12 ഓവറില്‍ 14 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. പിന്നീടാണ് രോഹിതും രാഹുലും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ടു നീക്കിയത്. ഇരുവരും ചേർന്ന ഓപ്പണിങ് വിക്കറ്റില്‍ 100 റൺസ് കടന്നിരുന്നു. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്.