ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്‍റെ മിന്നും ജയമാണ് ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ടീം ഇന്ത്യ 51 പന്തും 7 വിക്കറ്റും ശേഷിക്കെയാണ് മറികടന്നത്. 42-ാം ഓവറിലെ മൂന്നാം പന്ത് സിക്സര്‍ പായിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
അവസാന 54 പന്തുകളില്‍ 2 റണ്‍സായിരുന്നു ടീം ഇന്ത്യയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 97 റണ്‍സുമായി കോലിയായിരുന്നു ഈ സമയം ക്രീസില്‍. നാസും അഹമ്മദ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് കോലിയുടെ ലെഗ് സൈഡിലൂടെ ബംഗ്ല വിക്കറ്റ് കീപ്പറുടെ കൈകളിലേക്കാണ് എത്തിയത്. എന്നാല്‍, ഈ ബോളില്‍ വൈഡ് നല്‍കാന്‍ അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ തയ്യാറായിരുന്നില്ല.
അമ്പയറിന്‍റെ ഈ തീരുമാനത്തിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. വിവാദത്തിന് തുടക്കമിട്ടെങ്കിലും ഈ സംഭവത്തില്‍ ഇതുവരെയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇക്കാര്യത്തിലുള്ള ക്രിക്കറ്റ് നിയമങ്ങള്‍ പരിശോധിക്കാം.
കെറ്റില്‍ബറോയുടെ തീരുമാനം ശരിയോ...? ക്രിക്കറ്റ് നിയമങ്ങളുടെ സൂക്ഷിപ്പുകാരായ മാരിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) ഒരു വൈഡ് എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതിനെ കുറിച്ച് വ്യക്തമാക്കുന്നത് 22.1.1 നിയമത്തിലൂടെയാണ്. ഈ നിയമത്തിലെ ക്ലോസ് 22.2.2 അനുസരിച്ച് നോ ബോള്‍ അല്ലാതെ ഒരു ബൗളര്‍ എറിയുന്ന പന്ത് സ്ട്രൈക്കിങ് എന്‍ഡിലെ ബാറ്ററുടെ പരിധിയില്‍ നിന്നും പുറത്ത് കൂടി കടന്നുപോകുന്നുണ്ടെങ്കിലാണ് ആ ബോളില്‍ അമ്പയര്‍ വൈഡ് വിധിക്കുന്നത്. സാധാരണ രീതിയില്‍ ഒരു ഷോട്ട് പായിക്കാന്‍ സാധിക്കാത്ത രീതിയിലാണ് പന്ത് പോകുന്നതെങ്കില്‍ അതും വൈഡായിട്ടായിരിക്കും കണക്കാക്കുന്നത് എന്നുമായിരുന്നു എംസിസിയുടെ പഴയ നിയമം.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ നിയമങ്ങള്‍ പുതുക്കാന്‍ എംസിസി നിര്‍ബന്ധിതരായിരുന്നു. ക്ലോസ് 22.1നെ നേരിട്ട് തന്നെ ബാധിക്കുന്ന പരിഷ്‌കരിച്ച നിയമങ്ങള്‍ ഒക്ടോബറില്‍ നിലവില്‍ വരികയും ചെയ്‌തു. ഈ നിയമത്തില്‍ വൈഡുകളെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
മോഡേണ്‍ ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ ക്രീസിനുള്ളിലും പുറത്തേക്കുമെല്ലാം ചലിച്ചാണ് ഓരോ പന്തും നേരിടുന്നത്. പലപ്പോഴും ബാറ്ററുടെ സ്ഥാനം നോക്കിയാകും ഓരോ ബൗളറും എവിടെ എങ്ങനെ പന്തെറിയണമെന്ന് തീരുമാനിക്കുന്നത്. ഈ സാഹചര്യത്തില്‍ ബാറ്റര്‍മാര്‍ മൂവ്മെന്‍റ് നടത്തുന്നതിന് മുന്‍പ് നിലയുറപ്പിച്ചിരുന്ന സ്ഥലത്ത് കൂടിയാണ് പന്ത് പോകുന്നതെങ്കില്‍ അത് വൈഡെന്ന് വിളിക്കപ്പെടുന്നത് അന്യായമാണെന്ന് എംസിസി അഭിപ്രായപ്പെട്ടിരുന്നു.
ഈ വിലയിരുത്തലിലാണ് ക്ലോസ് 22.1 ഭേദഗതി ചെയ്‌തത്. ഇതിലൂടെ ബാറ്ററുടെ ആദ്യ സ്ഥാനം എവിടെയാണോ എന്നത് മാത്രം ആശ്രയിച്ചാണ് വൈഡ് കണക്കാക്കുന്നത്. അതായത്, പന്തെറിയാനായി ബൗളര്‍ റണ്‍ അപ്പ് നടത്തിയ ശേഷം എവിടെയായിരുന്നു ബാറ്ററുടെ സ്ഥാനം എന്നത് പ്രധാനമായും പരിഗണിക്കും.
ബൗളറുടെ കയ്യില്‍ നിന്നും പന്ത് റിലീസ് ആകുന്നതിന് മുന്‍പ് ബാറ്റര്‍ തന്‍റെ പൊസിഷനില്‍ മാറ്റം വരുത്തിയോ എന്നതും ശ്രദ്ധിക്കും. സാധാരണ പൊസിഷനിലായിരുന്നു ബാറ്ററെങ്കില്‍ ആ പന്ത് വൈഡായി മാറുമോ എന്നതും കണക്കിലെടുത്ത് വേണം തീരുമാനം എടുക്കേണ്ടത് എന്നുമാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്.
അമ്പയറുടെ തീരുമാനം അന്തിമം, സാധ്യത ഇങ്ങനെ : സെഞ്ച്വറിയിലേക്ക് എത്താനായി വമ്പന്‍ ഷോട്ടുകള്‍ക്ക് വേണ്ടി ശ്രമിച്ചിരുന്ന വിരാട് കോലി നാസും അഹമ്മദ് പന്തെറിയാനെത്തിയപ്പോള്‍ തന്‍റെ വലതുകാല്‍ ലെഗ് സ്റ്റമ്പിന് പുറത്താക്കി വച്ചായിരുന്നു ക്രീസില്‍ നിന്നിരുന്നത്. വമ്പന്‍ ഷോട്ട് പായിക്കാനുള്ള അവസരം നല്‍കാതിരിക്കാന്‍ കോലിക്ക് നേരെയായിരുന്നു ബംഗ്ലാദേശ് ബൗളര്‍ പന്തെറിഞ്ഞത്. ഇത് മനസിലാക്കി ഗാര്‍ഡ് പൊസിഷനിലേക്ക് (സ്റ്റമ്പിന് മുന്നിലായി ബാറ്റര്‍ നില്‍ക്കാന്‍ അടയാളപ്പെടുത്തുന്ന പൊസിഷന്‍) കോലി തിരിച്ചെത്തിയതോടെ പന്ത് ലെഗ് സൈഡിലൂടെ വിക്കറ്റ് കീപ്പറിലേക്ക് എത്തുകയായിരുന്നു. കോലി തന്‍റെ പൊസിഷന്‍ മാറിയത് കൊണ്ടാകാം അമ്പയര്‍ കെറ്റില്‍ബറോ ഈ സമയം വൈഡ് അനുവദിക്കാതിരുന്നത്.