ചിറ്റഗോങ്: ബംഗ്ലാദേശിന് എതിരായ ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യയ്ക്ക് 254 റൺസിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. എട്ട് വിക്കറ്റിന് 133 റൺസ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 150 റൺസിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് ലഭിച്ചത്. ചിറ്റഗോങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്നാം ഇന്നിങ്‌സില്‍ 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് യാദവാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
കുല്‍ദീപിന്‍റെ ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനമാണ് ഇത്. മൊഹമ്മദ് സിറാജ് 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോൾ ഉമേഷ് യാദവ്, അക്‌സർ പട്ടേല്‍ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി. ബംഗ്ലാദേശ് നിരയില്‍ 28 റൺസെടുത്ത മുഷ്‌ഫിക്കർ റഹിമാണ് ടോപ് സ്‌കോറർ.
സാകിർ ഹസൻ (20), ലിറ്റൺ ദാസ് ( 24), നുറുൾ ഹസൻ (16), മെഹ്‌ദി ഹസൻ മിറാസ് ( 25), ഇബാദത് ഹൊസൈൻ (17) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. നേരത്തെ അർധസെഞ്ച്വറി നേടിയ ചേതേശ്വർ പുജാര, ശ്രേയസ് അയ്യർ, ആര്‍ അശ്വിൻ എന്നിവരുടെ ബാറ്റിങ് മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 404 റൺസ് നേടിയിരുന്നു.