ചിറ്റഗോങ് : ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 188 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 513 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 324 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 404 റണ്‍സിന്‍റെ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് പുറത്തായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 258 റണ്‍സില്‍ ഡിക്ലയര്‍ ചെയ്‌താണ് ആതിഥേയര്‍ക്ക് മുന്നില്‍ സന്ദര്‍ശകര്‍ കൂറ്റന്‍ വിജയ ലക്ഷ്യം വച്ചത്. സ്‌കോര്‍: ഇന്ത്യ- 404, 258 (ഡി) ബംഗ്ലാദേശ്- 150, 324.
നാല് വിക്കറ്റ് വീഴ്‌ത്തിയ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് യാദവുമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായും കുല്‍ദീപ് തിളങ്ങിയിരുന്നു. സെഞ്ചുറി നേടിയ സാക്കിര്‍ ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍.
224 പന്തില്‍ 100 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (108 പന്തില്‍ 84), നജീമുള്‍ ഹൊസൈന്‍ ഷാന്‍റോ (156 പന്തില്‍ 67) എന്നിവരും തിളങ്ങി. മത്സരത്തിന്‍റെ അഞ്ചാം ദിനമായ ഇന്ന് ആറിന് 275 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ കളി പിടിക്കുകയായിരുന്നു.
ഷാക്കിബ് അല്‍ ഹസനും മെഹിദി ഹസനുമായിരുന്നു ഇന്നലെ പുറത്താവാതെ നിന്നത്. മെഹിദി ഹസനെ വീഴ്‌ത്തി മുഹമ്മദ് സിറാജാണ് ഇന്ന് തുടക്കമിട്ടത്. 13 റണ്‍സെടുത്ത താരത്തെ സിറാജ് ഉമേഷ് യാദവിന്‍റെ കയ്യിലെത്തിച്ചു. പിന്നാലെ ചെറുത്ത് നില്‍പ്പോടെ കളിച്ചിരുന്ന ഷാക്കീബും തിരിച്ചുകയറി.
കുല്‍ദീപിന്‍റെ പന്തില്‍ കുറ്റി തെറിച്ചായിരുന്നു ബംഗ്ലാ ക്യാപ്റ്റന്‍റെ മടക്കം. തുടര്‍ന്നെത്തിയ തൈജുൽ ഇസ്ലാം (4), എബാദത് ഹുസൈന്‍ (0) എന്നിവര്‍ വേഗം പുറത്തായതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. കുല്‍ദീപിനും അക്‌സറിനും പുറമെ ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.
വെള്ളം കുടിപ്പിച്ച് ബംഗ്ലാ ബാറ്റര്‍മാര്‍ : അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് രണ്ടാം ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ നടത്തിയത്. ഓപ്പണര്‍മാരായ നജീമുള്‍ ഹൊസൈന്‍ ഷാന്‍റോയേയും സാക്കിര്‍ ഹസനേയും പിടിച്ചുകെട്ടാന്‍ ഇന്ത്യ പാടുപെട്ടു.
ഒന്നാം വിക്കറ്റില്‍ 124 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 67 റണ്‍സെടുത്ത ഷാന്‍റോയെ പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തുടര്‍ന്നെത്തിയ യാസിര്‍ അലി (5), ലിറ്റണ്‍ ദാസ് എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
സെഞ്ചുറി തികച്ചതിന് പിന്നാലെ സാക്കിര്‍ ഹസനെ അശ്വിന്‍ കോലിയുടെ കയ്യിലെത്തിച്ചു. മുഷ്ഫിഖൂർ റഹീം (23), നൂറുൽ ഹസ്സൻ (3) എന്നിവരുടെ വിക്കറ്റും ആതിഥേയര്‍ക്ക് നാലാം ദിനം നഷ്‌ടമായിരുന്നു. അതേസമയം ശുഭ്‌മാന്‍ ഗില്‍ (110) , ചേതേശ്വര്‍ പുജാര (102*) എന്നിവരുടെ സെഞ്ചുറിക്കരുത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് തുണയായത്. കുല്‍ദീപ് യാദവാണ് കളിയിലെ താരം.