വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 10 വിക്കറ്റിന്‍റെ വിജയമാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ നേടിയത്. ഇന്ത്യയുടെ 117 എന്ന കുഞ്ഞൻ വിജയ ലക്ഷ്യം വെറും 11 ഓവറിലാണ് ഓസ്‌ട്രേലിയ മറികടന്നത്. ഇപ്പോൾ തോൽവിയുടെ കാര്യത്തിൽ ഒരുപിടി റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം.
ഏകദിന മത്സരത്തിൽ ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കെതിരെ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് വിശാഖപട്ടണത്ത് ഓസ്‌ട്രേലിയ ഇന്ന് സ്വന്തമാക്കിയത്. 234 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്‌ട്രേലിയ ഇന്ത്യയുടെ വിജയലക്ഷ്യം മറികടന്നത്. 2019 ൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് സ്ഥാപിച്ച റെക്കോഡാണ് ഓസ്‌ട്രേലിയ ഇന്ന് മറികടന്നത്.
അന്ന് ഇന്ത്യയെ വെറും 92 റണ്‍സിന് ഓൾഔട്ടാക്കിയ ന്യൂസിലൻഡ് 14.4 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. മത്സരത്തിൽ 212 പന്തുകളാണ് അന്ന് ശേഷിച്ചിരുന്നത്. ഈ പട്ടികയിൽ ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. 2019ൽ 209 പന്തുകളും, 2012ൽ 181 പന്തുകളും ബാക്കി നിൽക്കെയാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ വിജയം സ്വന്തമാക്കിയത്.
അതേസമയം ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ ഓവറുകളിൽ ഓസ്‌ട്രേലിയ സ്വന്തമാക്കുന്ന മൂന്നാമത്തെ ഏറ്റവും വലിയ വിജയം കൂടിയാണിത്. 2004ൽ സതാംപ്‌ടണിൽ യുഎസ്‌എക്കെതിരെ 7.5 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ വിജയലക്ഷ്യമായ 66 റണ്‍സ് മറികടന്നതാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. 2013ൽ പെർത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 9.2 ഓവറിൽ 71 റണ്‍സ് പിന്തുടർന്നതാണ് രണ്ടാം സ്ഥാനത്ത്.
രോഹിതിനും നാണക്കേട്: ക്യാപ്‌റ്റനെന്ന നിലയിൽ രോഹിത് ശർമയും ഇന്നത്തെ മത്സരത്തിലൂടെ നാണക്കേടിന്‍റെ ഒരുപിടി റെക്കോഡുകൾ സ്വന്തമാക്കി. ഏകദിനത്തിൽ ഏറ്റവുമധികം തവണ 150 റണ്‍സിൽ താഴെ സ്‌കോറിന് പുറത്തായ ഇന്ത്യൻ ക്യാപ്‌റ്റൻ എന്ന മോശം റെക്കോഡാണ് ഇന്നത്തെ മത്സരത്തിലൂടെ രോഹിതിനെ തേടിയെത്തിയത്.
രോഹിത് ശർമ നായകനായ മത്സരങ്ങളിൽ ഇന്നത്തെ മത്സരം ഉൾപ്പെടെ മൂന്നാം തവണയാണ് ഇന്ത്യ 150 റണ്‍സിൽ താഴെ ഓൾഔട്ട് ആയത്. രോഹിത് ക്യാപ്‌റ്റനായ 25 മത്സരങ്ങളിൽ നിന്നാണ് ഇന്ത്യ മൂന്ന് തവണ 150 റണ്‍സിൽ താഴെ പുറത്തായത്. ഈ പട്ടികയിൽ എംഎസ് ധോണിയാണ് രണ്ടാം സ്ഥാനത്ത്.
ധോണി നയിച്ച 200 മത്സരങ്ങളിൽ നിന്ന് രണ്ട് തവണയാണ് ഇന്ത്യ 150 റണ്‍സിൽ താഴെ പുറത്തായത്. കൂടാതെ കഴിഞ്ഞ 30 വർഷത്തിനിടെ ഏകദിനത്തിൽ ഇന്നത്തെ മത്സരം ഉൾപ്പെടെ രണ്ട് തവണയാണ് സ്വന്തം നാട്ടിൽ ഇന്ത്യ 120 റണ്‍സിന് താഴെ പുറത്താകുന്നത്. അത് രണ്ടും രോഹിതിന്‍റെ ക്യാപ്‌റ്റൻസിക്ക് കീഴിലായിരുന്നു.
സമനില പിടിച്ച് ഓസീസ്: ഇന്നത്തെ മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ പേസർ മിച്ചൽ സ്റ്റാർക്കാണ് എറിഞ്ഞ് വീഴ്‌ത്തിയത്. എട്ട് ഓവറിൽ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് സ്റ്റാർക്ക് വീഴ്‌ത്തിയത്. കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയിൽ 31 റണ്‍സ് നേടിയ വിരാട് കോലിക്കും 29 റണ്‍സ് നേടിയ അക്‌സർ പട്ടേലിനും മാത്രമാണ് പിടിച്ചുനിൽക്കാനായത്.
അതേസമയം തകർപ്പൻ ജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 1-1 ന് സമനിലയിൽ എത്തിയിട്ടുണ്ട്. ബുധനാഴ്‌ച ചെന്നൈയിലാണ് പരമ്പരയിലെ നിർണായകമായ അവസാന ഏകദിനം നടക്കുക.