നാഗ്‌പൂര്‍ : ഓസ്ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോഷിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ആതിഥേയര്‍ ജയം പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
മറ്റ് ബാറ്റര്‍മാര്‍ പ്രയാസപ്പെട്ട പിച്ചില്‍ ആക്രമണോത്സുകതയോടെ കളിച്ചാണ് രോഹിത് മൂന്നക്കത്തിലെത്തിയത്. 212 പന്തില്‍ 15 ഫോറുകളും രണ്ട് സിക്‌സുകളും സഹിതം 120 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന അപൂര്‍വ റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഈ റെക്കോഡിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് 35കാരനായ രോഹിത്. കരിയറിൽ നിര്‍ണായക നാഴികക്കല്ലുകൾ പിന്നിടാന്‍ കഴിയുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണെന്നും താരം പറഞ്ഞു. എന്നാല്‍ അതിന് വേണ്ടി മാത്രമല്ല കളിക്കുന്നതെന്നും രോഹിത് വ്യക്തമാക്കി.
മത്സര ശേഷം ആര്‍ അശ്വിനോട് സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. മത്സരത്തില്‍ ഓസീസിന്‍റെ രണ്ട് ഇന്നിങ്‌സുകളിലുമായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും അഞ്ച് വിക്കറ്റ് വീതം വീഴ്‌ത്തിയിരുന്നു. അര്‍ധ സെഞ്ചുറി നേടി ബാറ്റിങ്ങിലും ജഡേജ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി. ഈ പ്രകടനത്തോടെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജഡേജയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിനന്ദിക്കുകയും ചെയ്‌തു.
ജഡേജയുടെ പ്രകടനം നിര്‍ണായകം: ജഡേജയുടെ ബാറ്റിങ് ടീമിന് ഏറെ നിര്‍ണായകമാണെന്ന് രോഹിത് പറഞ്ഞു. "ഒരു ക്രിക്കറ്ററെന്ന നിലയില്‍, അവന്‍ എല്ലായ്‌പ്പോഴും ബോളുകൊണ്ട് മികച്ച പ്രകടനം നടത്തുമെന്ന് നമ്മള്‍ക്കറിയാം. ആ പ്രകടനം ബാറ്റുകൊണ്ടും ആവര്‍ത്തിക്കുന്നത് കാണുന്നത് കൂടുതൽ സന്തോഷകരമാണ്.
അത് ടീമിനെ വലിയ രീതിയിലാണ് സഹായിക്കുന്നത്. കാരണം അവൻ ബാറ്റ് ചെയ്യുന്ന നമ്പർ വളരെ നിർണായകമാണ്. അവന്‍ അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു" - രോഹിത് പറഞ്ഞു.
സാക്ഷാല്‍ കപില്‍ പിന്നില്‍ : നാഗ്‌പൂരില്‍ അഞ്ച് വിക്കറ്റും അര്‍ധ സെഞ്ചുറിയും നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും 34കാരനായ ജഡേജ സ്വന്തമാക്കിയിരുന്നു. ഇത് അഞ്ചാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പുറമെ അര്‍ധ സെഞ്ചുറിയും ജഡേജ സ്വന്തമാക്കുന്നത്.
ഇതോടെ സാക്ഷാല്‍ കപില്‍ ദേവിന്‍റെ റെക്കോഡ് തകര്‍ത്ത് ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ജഡേജ എത്തിയത്. തന്‍റെ കരിയറിൽ നാല് തവണയാണ് കപിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ALSO READ: IND vs AUS: 'ഇതുപോലൊരു പങ്കാളിയെ ലഭിച്ചതില്‍ സന്തോഷം'; ജഡേജയെ പുകഴ്‌ത്തി ആര്‍ അശ്വിന്‍
അതേസമയം കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ജഡേജ മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ ഏഷ്യ കപ്പിനിടെ താരത്തിന്‍റെ വലത് കാൽമുട്ടിനാണ് പരിക്കേറ്റിരുന്നത്.
തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്കും വിധേയനായിരുന്നു. ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ താരത്തിന്‍റെ പ്രകടനം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാവും. ഇക്കാര്യമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയത്.