നാഗ്‌പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയ ശില്‍പിയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയാണ് ജഡേജ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ ആകെ ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു.
ഇതോടെ നാഗ്‌പൂരിലെ താരമായും 34കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മത്സരത്തിന് ശേഷം ജഡേജയെ തേടിയെത്തിയ വാര്‍ത്ത അത്ര സുഖകരമല്ല. ഫീൽഡ് അമ്പയർമാരെ അറിയിക്കാതെ വിരലില്‍ വേദനയ്‌ക്കുള്ള ക്രീം പുരട്ടിയതിന് ജഡേജയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി.
ഇതോടൊപ്പം ഒരു ഡീമെറിറ്റ് പോയിന്‍റും താരത്തിന് വിധിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.20ന്‍റെ ലംഘനമാണ് ജഡേജ നടത്തിയിരിക്കുന്നതെന്നും ഐസിസി അറിയിച്ചു. ജഡേജ കുറ്റം സമ്മതിച്ചിട്ടുണ്ട്.
നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ ഒന്നാം ദിനമാണ് ഐസിസി നടപടിക്ക് ആസ്‌പദമായ സംഭവം നടന്നത്. പന്തെറിയാനെത്തിയ ജഡേജയ്‌ക്ക് സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അത് വിരലിൽ തേക്കുന്നതിന്‍റേയും ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജഡേജ വിരലിലും പന്തിലും കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ചില ഓസീസ് മാധ്യമങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.
ഇതോടെ സംഭവത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് ഐസിസി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന് വിശദീകരണവും നല്‍കിയിരുന്നു. ജഡേജ തന്‍റെ വിരലില്‍ വേദനയ്‌ക്കുള്ള ക്രീം പുരട്ടിയതാണെന്നാണ് മാനേജ്‌മെന്‍റ് മാച്ച് റഫറിയെ അറിയിച്ചത്. ഇന്ത്യയുടെ വാദം അംഗീകരിച്ച ഐസിസി ഫീൽഡ് അമ്പയർമാരെ അറിയിക്കാത്തതിനാണ് താരത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്.
പന്തിന്‍റെ അവസ്ഥയെ ബാധിക്കില്ലെന്ന് ഉറപ്പു ലഭിക്കുന്നതിന് ബോളര്‍ അവരുടെ കയ്യില്‍ എന്തെങ്കിലും തരത്തിലുള്ള പദാര്‍ഥം ഉപയോഗിക്കുന്നതിന് മുന്നെ അമ്പയറുടെ അനുമതി നേടണമെന്നാണ് നിയമം. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചുവരവില്‍ തന്നെ താരം മികവാര്‍ന്ന പ്രകടനം നടത്തിയത് ഇന്ത്യയ്‌ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
നാഗ്‌പൂരില്‍ വമ്പന്‍ വിജയം: നാഗ്‌പൂര്‍ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയം പിടിച്ചത്. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി മൂന്നാം ദിനം ബാറ്റു ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ തകര്‍ത്തത്.
51 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സ്റ്റീവ് സ്‌മിത്താണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മറ്റ് മൂന്ന് താരങ്ങള്‍ മാത്രമാണ് മൂന്നക്കം തൊട്ടത്. വിജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നതില്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുക.
ALSO READ: IND vs AUS : ഓസീസിനെ കറക്കി വീഴ്‌ത്തി അശ്വിന്‍; നാഗ്‌പൂരില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം