നാഗ്‌പൂര്‍ : ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്‌പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ആതിഥേയര്‍ 400 റണ്‍സ് നേടിയാണ് പുറത്തായത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
212 പന്തില്‍ 120 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും നിര്‍ണായകമായി. ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയ അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി ഓസീസിനായി തിളങ്ങി.
മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 321 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേയുമാണ് ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ തുടക്കം തന്നെ ഇന്ത്യയ്‌ക്ക് ജഡേജയെ നഷ്‌ടമായി.
185 പന്തില്‍ 70 റണ്‍സെടുത്ത താരത്തെ മര്‍ഫി ബോള്‍ഡാക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ അക്‌സറിനോടൊപ്പം 88 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ജഡേജ മടങ്ങിയത്. തുടര്‍ന്നെത്തിയ മുഹമ്മദ് ഷമി കൂടുതല്‍ ആക്രമിച്ച് കളിച്ചതോടെ ഇന്ത്യയുടെ സ്‌കോറിങ്ങിന് വേഗം വച്ചു. എന്നാല്‍ ഷമിയെ മര്‍ഫി വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കയ്യിലെത്തിച്ചു.
47 പന്തില്‍ രണ്ട് ഫോറുകളും മൂന്ന് സിക്‌സും സഹിതം 37 റണ്‍സാണ് ഷമി നേടിയത്. ഒമ്പതാം വിക്കറ്റില്‍ ഷമിയും അക്‌സറും ചേര്‍ന്ന് 52 റണ്‍സാണ് നേടിയത്. 10ാം വിക്കറ്റായാണ് അക്‌സര്‍ തിരിച്ച് കയറിയത്. പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. 174 പന്തില്‍ 84 റണ്‍സാണ് അക്‌സര്‍ നേടിയത്. മുഹമ്മദ് സിറാജ് (1*) പുറത്താവാതെ നിന്നു.
മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെയാണ് രോഹിത്തിന്‍റെ സെഞ്ചുറി പിറന്നത്. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 77 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. നൈറ്റ് വാച്ച്‌മാന്‍ ആര്‍ അശ്വിന്‍റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്‌ടമായത്.
ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നതിന് പിന്നാലെ 41ാം ഓവറിന്‍റ ആദ്യ പന്തില്‍ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മര്‍ഫിയാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. 62 പന്തില്‍ 23 റണ്‍സാണ് അശ്വിന്‍ നേടിയത്. പിന്നീടെത്തിയ ചേതേശ്വര്‍ പുജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ നിരാശപ്പെടുത്തി. 14 പന്തില്‍ ഏഴ് റണ്‍സെടുത്ത പുജാരയെ മര്‍ഫിയുടെ പന്തില്‍ സ്‌കോട്ട് ബൊലാന്‍ഡ് പിടികൂടുകയായിരുന്നു.
തുടക്കത്തില്‍ പ്രയാസപ്പെട്ട കോലി മികച്ച ടച്ചിലെന്ന് തോന്നിച്ചെങ്കിലും മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ഫ്‌ളിക്ക് ഷോട്ടിനായുള്ള കോലിയുടെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്. 26 പന്തില്‍ 12 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്.
ആദ്യ ടെസ്റ്റിനിറങ്ങിയ സൂര്യകുമാര്‍ യാദവിനും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 20 പന്തില്‍ എട്ട് റണ്‍സെടുത്ത സൂര്യകുമാറിനെ നഥാന്‍ ലിയോണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച രോഹിത് ഇന്ത്യയെ 200 കടത്തി.
ALSO READ: IND vs AUS : സാക്ഷാല്‍ കപിലിന്‍റെ റെക്കോഡ് തകര്‍ത്തു ; ഈ നേട്ടം ഇനി ജഡേജയ്‌ക്ക് സ്വന്തം
അധികം വൈകാതെ രോഹിത്തിനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മടക്കി. 15 ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്‌സ്. പിന്നാലെ എത്തിയ ഇന്ത്യയുടെ മറ്റൊരു അരങ്ങേറ്റക്കാരന്‍ ശ്രീകർ ഭരത്തിനും അധികം ആയുസുണ്ടായിരുന്നില്ല.
10 പന്തുകളില്‍ എട്ട് റണ്‍സെടുത്ത ഭരത്തിനെ മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.ഈ സമയം 83.1 ഓവറില്‍ ഏഴ് വിക്കറ്റിന് 240 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്നായിരുന്നു അക്‌സറും ജഡേജയും ഒന്നിച്ചത്.