ദുബൈ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യയുടെ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം വെറും നാല് റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് അഫ്ഗാനെ തകര്‍ത്തത്.
ആദ്യ ഏഴ് ഓവറുകള്‍ക്കുള്ളില്‍ ഭുവി തന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോഴേക്കും അഫ്ഗാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന ദയനീയ സ്ഥിതിയിലേക്ക് വീണിരുന്നു. ഹസ്‌റത്തുല്ല സസായ് (0), റഹ്‌മാനുല്ല ഗുര്‍ബാസ് (0), കരീം ജനത് (2), നജീബുല്ല സദ്രാന്‍ (0), അസ്മത്തുല്ല ഉമര്‍സായ് (1) എന്നിവരെയാണ് ഭുവി പുറത്താക്കിയത്. 59 പന്തില്‍ നിന്ന് 64 റണ്‍സോടെ പുറത്താകാതെ നിന്ന ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. കാപ്റ്റന്‍ മുഹമ്മദ് നബി (7), റാഷിദ് ഖാന്‍ (15), മുജീബ് ഉര്‍ റഹ്‌മാന്‍ (18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
രണ്ടര വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നതായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. ഇതോടെ കോഹ്‌ലി തന്‍റെ 71-ാം അന്താരാഷ്‌ട്ര സെഞ്ചുറി തികക്കുകയും ചെയ്‌തു മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ 71 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പവുമെത്തി. അതേസമയം, ട്വന്റി 20-യില്‍ കോലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. 61 പന്തുകള്‍ നേരിട്ടതില്‍ ആറ് സിക്‌സും 12 ഫോറുമടക്കം പുറത്താകാതെ 122 റണ്‍സടങ്ങിയതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കാണ് കോലി തന്‍റെ സെഞ്ചുറി സമര്‍പ്പിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണറും ക്യാപ്‌റ്റനുമായ കെ എൽ രാഹുലും (62) വിരാട് കോഹ്‌ലിയും (122) തമ്മിലുള്ള 119 റൺസ് കൂട്ടുകെട്ടിന്‍റെ മികച്ച തുടക്കം നല്‍കി. ആറ് ഓവറുകളും പവർപ്ലേയും അവസാനിക്കുമ്പോൾ, വിരാട് (25*), രാഹുൽ (26*) എന്നിവർ പുറത്താകാതെ 52/0 എന്ന നിലയിരുന്നു ടീം ഇന്ത്യ. പവർപ്ലേയ്ക്ക് ശേഷവും അഫ്ഗാനിസ്ഥാന്റെ മേലുള്ള ആധിപത്യം ഇരുവരും തുടർന്നു. ആദ്യ 10 ഓവറുകൾ അവസാനിക്കുമ്പോൾ 87/0 എന്ന നിലയിലായിരുന്ന ഇന്ത്യ. എന്നാല്‍, 13-ാം ഓവറിൽ ഇരുവരും തമ്മിലുള്ള 119 റൺസിന്റെ കൂട്ടുകെട്ട് മീഡിയം പേസർ ഫരീദ് മാലിക് അവസാനിപ്പിച്ചു. 41 പന്തിൽ 62 റൺസ് നേടിയ രാഹുലിനെ ലോംഗ് ഓണിൽ നജീബുള്ള സദ്രാൻ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. തൊട്ടുപിന്നാലെ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ആദ്യ പന്തിൽ തന്നെ സിക്സറുമായി തന്റെ ഇന്നിംഗ്സ് ആരംഭിച്ചു. എന്നാല്‍ ഈ ഫോം തുടരുന്നതിനു മുമ്പേ തൊട്ടടുത്ത പന്തിൽ ഫരീദ് തന്നെ സൂര്യകുമാറിനെയും മടക്കി.
തുടര്‍ന്നെത്തിയ ഋഷഭ് പന്തിനെ കൂട്ടുപിടിച്ചായിരുന്നു കോഹ്‌ലിയുടെ കൊലകൊല്ലി ഇന്നിംഗ്സ്. അതേസമയം, ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ടീം വിശ്രമം അനുവദിച്ചിരുന്നു. പകരം രാഹുലായിരുന്നു ടീമിനെ നയിച്ചിരുന്നത്. യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പകരം ദീപക് ചാഹര്‍, ദിനേഷ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമിലെത്തിയിരുന്നു.