സിഡ്‌നി: ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് പങ്കിട്ട് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് ഒപ്പമാണ് ചാഹല്‍ റെക്കോഡ് പങ്കിട്ടത്. ഇരുവരുടെയും അക്കൗണ്ടില്‍ 59 വിക്കറ്റുകള്‍ വീതമാണുള്ളത്. ബുമ്ര 50 മത്സരങ്ങളില്‍ നിന്നും 59 വിക്കറ്റുകളെന്ന റെക്കോഡ് സ്വന്തമാക്കിയപ്പോള്‍ ചാഹലിന് ഈ നേട്ടം സ്വന്തമാക്കാന്‍ 44 ഇന്നിങ്സുകളെ വേണ്ടിവന്നുള്ളൂ.
സിഡ്‌നിയില്‍ ഒരു ഘട്ടത്തില്‍ നിലയുറപ്പിച്ച് കളിച്ച സ്റ്റീവ് സ്‌മിത്തിന്‍റെ വിക്കറ്റ് വീഴ്‌ത്തിയാണ് ചാഹല്‍ റെക്കോഡ് പങ്കിട്ടത്. സിഡ്‌നിയില്‍ ചാഹല്‍ റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്തത് ടീം ഇന്ത്യക്ക് തിരിച്ചടിയായി. 4 ഓവര്‍ എറിഞ്ഞ ചാഹല്‍ 51 റണ്‍സാണ് വിട്ടുകൊടുത്തത്. നേരത്തെ കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ മൂന്ന് വിക്കറ്റും ചാഹല്‍ വീഴ്‌ത്തിയിരുന്നു.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 ചൊവ്വാഴ്‌ച സിഡ്‌നിയില്‍ നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇതിനകം 2-0ത്തിന് ടീം ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ഏകദിന പരമ്പര 2-1ന് ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. പര്യടനത്തിന്‍റ ഭാഗമായുള്ള ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കും.