സിഡ്‌നി: പരിക്കേറ്റ ഇന്ത്യൻ പേസർ ഉമേഷ് യാദവിന് പകരം ശര്‍ദുല്‍ ഠാക്കൂറിന് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാം ടെസ്റ്റില്‍ പന്തെറിയാന്‍ അവസരം ഒരുങ്ങുന്നു. ടി-20, ഏകദിന മത്സരത്തില്‍ തിളങ്ങിയ ടി നടരാജന്‍ ഓസ്‌ട്രേലിയന്‍ സംഘത്തിലുള്ളപ്പോഴാണ് ആഭ്യന്തര അനുഭവ സമ്പത്ത് കൂടുതലുള്ള ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കുന്നത്.
ഇതേവരെ തമിഴ്‌നാടിന് വേണ്ടി ഒരു ഫസ്റ്റ്ക്ലാസ് മത്സരം മാത്രമാണ് നടരാജന്‍ കളിച്ചത്. അതേസമയം മുംബൈക്ക് വേണ്ടി നിരവധി ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച പരിചയം ശര്‍ദുലിനുണ്ട്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഉമേഷിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകുമെന്നുറപ്പാണ്.
നാല് ടെസ്റ്റുള്ള പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് ജനുവരി ഏഴിന് സിഡ്‌നിയില്‍ തുടങ്ങും. നേരത്തെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തില്‍ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ആതിഥേയരെ ചുരുട്ടിക്കെട്ടിയിരുന്നു.