അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയൻ പരിയടനത്തിലെ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ ആറിന് 233 റണ്‍സ് എന്ന നിലയിൽ. വൃദ്ധിമാൻ സാഹയും (25 പന്തിൽ 9) രവിചന്ദ്രൻ അശ്വനും (17 പന്തിൽ 15) ആണ് ക്രീസിൽ.
ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ പൂജ്യത്തിൽ പ്രിഥ്വ ഷായുടെ വിക്കറ്റ് നഷ്‌ടപ്പെട്ട ഇന്ത്യ പ്രതിരോധത്തിലൂന്നിയാണ് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സ്‌കോർ 32ൽ നിൽക്കെ മായങ്ക് അഗർവാളിന്‍റെ വിക്കറ്റ് നഷ്‌ടമായതിന് ശേഷം ഒത്തു ചേർന്ന പൂജാരാ- കോഹിലി കൂട്ടുകെട്ട് 31 ഓവറിൽ സ്കോർബോഡിൽ കൂട്ടിച്ചേർത്തത് 68 റണ്‍സ് ആണ്. 160 ബോളിൽ 43 റണ്‍സ് നേടിയ പൂജാരയെ ലബുഷെയ്‌ന്‍റെ കൈകളിലെത്തിച്ച് മടക്കുമ്പോൾ ഇന്ത്യൻ സ്കോർ കൃത്യം 100ൽ എത്തിയിരുന്നു.
പിന്നീട് അജിൻക്യ രഹാനെയുമായി ചേർന്ന് ഇന്ത്യൻ ക്യാപ്‌റ്റൻ 88 റണ്‍സ് ആണ് ചേർത്തത്. മികച്ച താളം കണ്ടെത്തിയ കോഹ്‌ലി, രഹാനെയുടെ തെറ്റായ വിളിയിൽ സിംഗിളിനായി ഓടി റണ്‍ ഔട്ട് ആവുകയായിരുന്നു. എട്ട് ബൗണ്ടറി ഉൾപ്പടെ 74 റണ്‍സ് ആണ് കോഹിലി നേടിയത്. ഒരു വേള സെഞ്ച്വറിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ച ഇന്നിങ്ങ്‌സ് ആണ് റണ്‍ ഔട്ടിൽ അവസാനിച്ചത്. ടെസ്റ്റിലെ കോഹ്ലിയുടെ രണ്ടാമത്തെ മാത്രം റണ്‍ ഔട്ടാണിത്. ഇന്ത്യൻ ക്യാപ്‌റ്റന്‍റെ ആദ്യ റണ്‍ ഔട്ടും ഇതേ ഗ്രൗണ്ടിലായിരുന്നു. കോഹ്ലിക്ക് പിന്നാലെ രഹാനെയും(92 പന്തിർ 42) ഹനുമാ വിഹാരിയും നാല് ഓവറുകളുടെ വ്യത്യാസത്തിൽ പവലിയനിലേക്ക് മടങ്ങി.

ക്യാപ്‌റ്റൻ എന്ന നിലയിൽ ടോസ് നേടിയ ഒരു ടെസ്റ്റിലും കോഹിലി തോറ്റിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ആദ്യ ഓവറിൽ തന്നെ സമ്മർദത്തിലാക്കാൻ ഓസ്‌ട്രേലിയക്ക് കഴിഞ്ഞു. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, നതാൻ ലിയോണ്‍, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. പിങ്ക് പന്തിൽ 250 ന് മുകളിൽ മികച്ച ടോട്ടൽ ആയാണ് കണക്കാക്കുന്നത്. ഓസ്‌ട്രേലിയൻ ബൗളർമാർ സ്വങ്ങ് കിട്ടാൻ പ്രയാസപ്പെട്ട ഒന്നാം ദിനത്തിൽ ഇന്നിങ്ങ്‌സിന്‍റെ തുടക്കത്തിലും 80ആമത്തെ ഓവറിന് ശേഷം പുതിയ പന്ത് എടുത്തപ്പോളുമാണ് വിക്കറ്റുകൾ വീണത്.
- പ്ലേയിങ്ങ് ഇലവൻ
ഇന്ത്യ
പ്രിഥ്വി ഷാ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹിലി( നായകൻ), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ.
ഓസ്‌ട്രേലിയ
ജോ ബേണ്‍സ്, മാത്യു വെയ്‌ഡ്, മാർനസ് ലെബുഷെയ്‌ൻ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീൻ, ടീം പെയിൻ( വിക്കറ്റ് കീപ്പർ-നായകൻ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്‌റ്റാർക്ക്, നതാൻ ലിയോണ്‍, ജോഷ് ഹേസൽവുഡ്.