ധാക്ക: 2015ന് ശേഷം ആദ്യമായി ബംഗ്ലാദേശ് പര്യടനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 2022 ഡിസംബര്‍ 4ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനവും, രണ്ട് ടെസ്‌റ്റ് മത്സരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കും. മിര്‍പുര്‍, ചറ്റോഗ്രം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഡിസംബര്‍ 4, 7, 10 തീയതികളിലായി മിര്‍പൂരിലാണ് പരമ്പരയിലെ ഏകദിന മത്സരങ്ങള്‍. 14-18 വരെ ചറ്റോഗ്രമിലാണ് ആദ്യ ടെസ്‌റ്റ് മത്സരം. മിര്‍പൂരില്‍ 22-26 തീയതികളിലായി പരമ്പരയിലെ അവസാന ടെസ്‌റ്റ് മത്സരവും നടക്കും.
സമീപകാലത്ത് ഇന്ത്യ -ബംഗ്ലാദേശ് പോരാട്ടങ്ങള്‍ മികച്ച മത്സരങ്ങള്‍ നല്‍കി. ഇരു രാജ്യങ്ങളിലെയും ആരാധകര്‍ മറ്റൊരു പരമ്പരയ്‌ക്കായി കാത്തിരിക്കുകയാണ്. ഇന്ത്യൻ ടീമിനെ ബംഗ്ലാദേശിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് നാസ്‌മുല്‍ ഹസന്‍ പറഞ്ഞു.
2015ല്‍ അവസാനമായി മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടെസ്‌റ്റ് മത്സരവുമാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിച്ചത്. അന്ന് ഏകദിന പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി. പരമ്പരയിലെ ഏക ടെസ്‌റ്റ് മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.