ലഖ്‌നൗ : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 62 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്‌ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്‌കോര്‍: ഇന്ത്യ 199/2 (20), ശ്രീലങ്ക 137/6 (20). ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
47 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചരിത് അസലങ്കയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ദുഷ്മന്ത ചമീര (14 പന്തില്‍ 24*) പഥും നിസ്സങ്ക (0), കാമില്‍ മിഷാര (13), ജനിത് ലിയാങ്കെ (11), ചമിക കരുണരത്നെ (21), ദസുൻ ഷാനക(3) , ദിനേഷ് ചണ്ഡിമൽ (10) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
ഇന്ത്യയ്‌ക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. വെങ്കിടേഷ് അയ്യര്‍ക്കും രണ്ട് വിക്കറ്റുണ്ട്. രവീന്ദ്ര ജഡേജയും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ഇഷന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും മിന്നുന്ന അര്‍ധ സെഞ്ചുറികളാണ് കരുത്തായത്. 56 പന്തില്‍ 89 റണ്‍സെടുത്ത കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ശ്രേയസ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (32 പന്തില്‍ 44), രവീന്ദ്ര ജഡേജ (4 പന്തില്‍ 3*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ശ്രീലങ്കയ്‌ക്കായി ലഹിരു കുമാര, ദാസുൻ ഷനക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.