മുംബൈ : ഏഷ്യ കപ്പിന് (Asia Cup) ശേഷം ഏകദിന ലോകകപ്പിന്‍റെ (ODI World Cup) അവസാനവട്ട ഒരുക്കങ്ങള്‍ നടത്താന്‍ ടീം ഇന്ത്യയ്‌ക്കുള്ള അവസരമാണ് വരുന്ന ഓസ്‌ട്രേലിയന്‍ പരമ്പര (India vs Australia). ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിലേക്ക് എത്തുന്ന ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയുമായി മൂന്ന് ഏകദിന മത്സരങ്ങളാണ് കളിക്കുന്നത് (India vs Australia ODI Series). സെപ്‌റ്റംബര്‍ 22നാണ് ഈ പരമ്പര ആരംഭിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്‌ചയില്‍ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടത്താന്‍ ലഭിച്ചിരിക്കുന്ന അവസരമായതുകൊണ്ട് തന്നെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്ന ഭൂരിഭാഗം താരങ്ങളും ഓസ്‌ട്രേലിയക്കെതിരെയും കളിക്കാന്‍ ഇറങ്ങാനാണ് സാധ്യത. എന്നാല്‍, ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസില്‍ ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍ (Sanju Samson) ടീമിനൊപ്പം ചേരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് (India Squad For ODI Series Against Australia).
എന്നാല്‍, ഇപ്പോള്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) ടീമിനൊപ്പമുള്ളതാണ് മാനേജ്‌മെന്‍റിന് ആശ്വാസം. കെഎല്‍ രാഹുലും (KL Rahul) ഇഷാന്‍ കിഷനും (Ishan Kishan) ഒരുമിച്ച് കളിക്കാന്‍ ഇറങ്ങിയാല്‍ ടീമില്‍ ശ്രേയസ് അയ്യരുടെ (Shreyas Iyer Injury) അഭാവം പ്രകടമാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ടീമില്‍ കാര്യമായ പരീക്ഷണങ്ങള്‍ നടത്താന്‍ ഇനി ബിസിസിഐ (BCCI) തയ്യാറായേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
"സഞ്ജുവിനെ വേണ്ട...!" : സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരിലാണ് ഏഷ്യ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ് ടൂര്‍ണമെന്‍റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ ഒഴിവാക്കിയത്. ഏഷ്യ കപ്പില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായെങ്കിലും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഏഷ്യന്‍ ഗെയിംസിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമിലേക്ക് താരത്തിന്‍റെ പേര് പരിഗണിച്ചത് പോലുമുണ്ടായിരുന്നില്ല. ഇനി വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് അവസരം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുതിര്‍ന്ന ബിസിസിഐ അംഗം.
'കെഎല്‍ രാഹുല്‍ ഇപ്പോള്‍ ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തു. പിന്നെ ഇഷാന്‍ കിഷനും ടീമിലുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല.
അതുകൊണ്ടാണ് സഞ്ജുവിനെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവും ടീമിനൊപ്പം ഉണ്ടായിരിക്കും' - ഒരു പ്രമുഖ കായിക മാധ്യമത്തോട് ബിസിസിഐ അംഗം പറഞ്ഞു.
ശ്രേയസ് അയ്യര്‍ കൊളംബോയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണുള്ളത്. ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ അയ്യര്‍ ഫിറ്റാകുമെന്നാണ് പ്രതീക്ഷ. സൂര്യകുമാര്‍ യാദവ് ടീമിനൊപ്പമുള്ളതുകൊണ്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.