ന്യൂഡല്‍ഹി : വിഖ്യാത മെന്‍റൽ കണ്ടീഷനിങ് കോച്ച് പാഡി അപ്‌ടൺ വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം. ടി20 ലോകകപ്പിന് മുന്നോടിയായാണ് പാഡി അപ്‌ടണെ ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ടീമിനൊപ്പം ചേരുന്ന അദ്ദേഹത്തിന് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് കാലാവധി.
എംഎസ് ധോണിക്ക് കീഴില്‍ 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ അപ്‌ടണായിരുന്നു ഇന്ത്യയുടെ മെന്‍റല്‍ ട്രെയിനര്‍. വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതില്‍ അവേശഭരിതനാണെന്ന് പാഡി അപ്ടണ്‍ പ്രതികരിച്ചു. ദീർഘകാല സഹപ്രവർത്തകനും സുഹൃത്തുമായ രാഹുൽ ദ്രാവിഡിനൊപ്പം വീണ്ടും ചേരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സില്‍ ദ്രാവിഡും അപ്‌ടണും മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും രാജസ്ഥാന്‍റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായി അപ്‌ടണുണ്ടായിരുന്നു. നേരത്തെ 2008-ൽ ഗാരി കേർസ്റ്റൺ ഇന്ത്യയെ പരിശീലിപ്പിച്ചപ്പോഴാണ് അപ്‌ടണ്‍ മെന്‍റല്‍ ട്രെയിനറായി ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവുന്നത്. തുടര്‍ന്ന് 2011 വരെ ഇന്ത്യയ്‌ക്കായി ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചു.