ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും ജയിച്ച് സെമി ഫൈനല്‍ യോഗ്യത ആധികാരികമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകകപ്പിലെ ഒന്‍പതാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 160 റണ്‍സിന്‍റെ ജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ദീപാവലി ദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 410 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലേക്ക് അടിച്ചു ചേര്‍ത്തത്.
ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ഇന്ത്യയ്‌ക്ക് വേണ്ടി സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ ബാറ്റില്‍ നിന്നും അര്‍ധസെഞ്ച്വറികളും പിറന്നിരുന്നു. മറുപടി ബാറ്റിങ്ങില്‍ 47.5 ഓവറില്‍ ഡച്ച് പടയുടെ പോരാട്ടം 250 റണ്‍സില്‍ അവസാനിക്കുകയായിരുന്നു (India vs Netherlands Match Result). ഈ ജയത്തോടെ ലോകകപ്പില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും ടീം ഇന്ത്യയ്‌ക്കായി.
പത്ത് ടീമുകള്‍ പങ്കെടുത്ത ലോകകപ്പ് റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇപ്രാവശ്യം നടന്നത്. പ്രാഥമിക റൗണ്ടില്‍ ഒരു ടീമിന് ആകെ 9 മത്സരങ്ങള്‍. ചരിത്രത്തില്‍ തന്നെ ആദ്യമായി ഈ മത്സരങ്ങളെല്ലാം ജയിച്ച ടീമായിട്ടാണ് ഇന്ത്യ മാറിയിരിക്കുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയക്കുതിപ്പാണ് ഇപ്രാവശ്യത്തേത്. 2003ലെ ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ ജയം പിടിച്ചിരുന്നു. അന്ന്, ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ടീമിനോടായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.
ഈ ലോകകപ്പില്‍ ആധികാരികമായിരുന്നു ഇന്ത്യയുടെ പ്രകടനങ്ങളെല്ലാം. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് യാത്ര തുടങ്ങിവച്ചത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്‍റെയും പ്രതിരോധ കോട്ട കെട്ടിയുള്ള ബാറ്റിങ്ങിന്‍റെ കരുത്തില്‍ 6 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
രോഹിത് ശര്‍മയുടെ റെക്കോഡ് സെഞ്ച്വറി പിറന്ന രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ ഇന്ത്യ വീഴ്‌ത്തിയത് എട്ട് വിക്കറ്റിന്. പിന്നാലെ, മൂന്നാമത്തെ കളിയില്‍ പാകിസ്ഥാനെയും മുട്ടുകുത്തിക്കാന്‍ ടീമിനായി. രോഹിത് ശര്‍മയുടെ ബാറ്റിങ് കരുത്തില്‍ 7 വിക്കറ്റിനായിരുന്നു ഈ മത്സരം ഇന്ത്യ സ്വന്തമാക്കിയത്.
വിരാട് കോലി സെഞ്ച്വറിയുമായി തിളങ്ങിയ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനോടും 7 വിക്കറ്റിന്‍റെ ജയം. അതുവരെ തോല്‍വി അറിയാതെ എത്തിയ കരുത്തരായ ന്യൂസിലന്‍ഡായിരുന്നു അഞ്ചാം മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. ആദ്യ പകുതിയില്‍ അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയും രണ്ടാം പാദത്തില്‍ അര്‍ധസെഞ്ച്വറിയുമായി വിരാട് കോലിയും തിളങ്ങിയപ്പോള്‍ ഇന്ത്യയ്‌ക്ക് നാല് വിക്കറ്റിന്‍റെ ജയം സ്വന്തം.
ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ഇന്ത്യ ആദ്യമായി ബാറ്റ് ചെയ്യുന്നത്. 229 റണ്‍സില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഷമിയും ബുംറയും കുല്‍ദീപും ആളിക്കത്തിയപ്പോള്‍ ഇന്ത്യയ്‌ക്ക് മത്സരത്തില്‍ 100 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം.
പിന്നീട്, ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ തേരോട്ടത്തിന് മുന്നില്‍ വീണു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയോട് 302 റണ്‍സിന്‍റെ റെക്കോഡ് ജയം സ്വന്തമാക്കിയ ഇന്ത്യ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ ആയിരുന്നു ബെംഗളൂരുവില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ജയവും.
Read More : 'ഒമ്പതില്‍ ഒമ്പത്', ഡച്ച് പടയെ ദീപാവലിക്ക് തുരത്തിയോടിച്ച് ടീം ഇന്ത്യ, 160 റണ്‍സിന്‍റെ വമ്പന്‍ ജയം