കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചഹാറിന്‍റെ പ്രകടന മികവിലാണ് ഇന്ത്യ മൂന്ന് വിക്കറ്റിന്‍റെ വിജയം ആഘോഷിച്ചത്. ചഹാര്‍ 82 പന്തില്‍ 69 റണ്‍സെടുത്തും ഭുവനേശ്വര്‍ കുമാര്‍ 28 പന്തില്‍ 19 റണ്‍സുമെടുത്തും പുറത്താവാതെ നിന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.
മുന്‍ നിര പതറിയപ്പോള്‍ എട്ടാം വിക്കറ്റില്‍ 84 റണ്‍സിന്‍റെ തര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. നേരത്തേ രണ്ട് വിക്കറ്റുകളും ചഹാര്‍ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 49.1 ഓവറില്‍ 277 റണ്‍സെടുത്താണ് വിജയം പിടിച്ചത്. 44 പന്തില്‍ 53 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം പുറത്തെടുത്തു.
also read: വിജയം നമുക്കും തോൽവി എതിരാളിക്കുമാകണം; അത്ലറ്റുകൾക്ക് ആശംസയുമായി സച്ചിൻ
പൃത്വി ഷാ ( 13), ശിഖര്‍ ധവാന്‍ ( 29), ഇഷാന്‍ കിഷന്‍ (1), മനീഷ് പാണ്ഡേ (37), ഹര്‍ദിക് പാണ്ഡ്യ (0), ക്രുണാല്‍ പാണ്ഡ്യ (35) എന്നിങ്ങിനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ലങ്കയ്ക്കായി വാനിന്ദു ഹസാരംഗ 10 ഓവറില്‍ 37 റണ്‍സ്മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്‌ടത്തിലാണ് 275 റണ്‍സെടുത്തത്.
ഓപ്പണർമാരായ അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും (71 പന്തിൽ 50 റൺസ്), മിനോദ് ബനൂക്കയുടെയും (42 പന്തിൽ 36 റണ്‍സ്), ധനഞ്ജയ ഡിസില്‍വയുടെയും (45 പന്തിൽ 32 റണ്‍സ്), ചമിക കരുണരത്‌നെയുടെയും (33 പന്തിൽ 44 റണ്‍സ്) മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചേർന്നത്.
ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ എന്നിവർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ദീപക് ചഹാർ രണ്ട് വിക്കറ്റ് നേടി. വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം പിടിച്ചിരുന്നു. ജൂലൈ 23നാണ് മൂന്നാമത്തെയും അവസാനത്തെയും ഏകദിനം നടക്കുക.