ഹരാരെ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തന്‍റെ കന്നി സെഞ്ച്വറിയാണ് ശുഭ്‌മാന്‍ ഗില്‍ സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ നേടിയത്. ഈ മത്സരത്തിന് മുന്നെ 11 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ച ഗിൽ ടെസ്റ്റില്‍ നാലും, ഏകദിനത്തില്‍ മൂന്നും അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നെങ്കിലും മൂന്നക്കം തൊടാനായിരുന്നില്ല. സിംബാബ്‌വെയ്‌ക്കെതിരെ വെറും 82 പന്തിലാണ് താരം ആദ്യ അന്താരാഷ്‌ട്ര സെഞ്ച്വറി കണ്ടെത്തിയത്.
മത്സരത്തില്‍ 97 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതം 130 റൺസായിരുന്നു ഗില്‍ അടിച്ച് കൂട്ടിയത്. ഇതോടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറുടെ 24 വർഷം പഴക്കമുള്ള ഒരു റെക്കോഡ് തിരുത്തിയെഴുതാനും ഗില്ലിന് കഴിഞ്ഞു. സിംബാബ്‌വെയില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്.
1998ൽ ബുലവായോയിൽ പുറത്താകാതെ 127 റൺസായിരുന്നു സച്ചിന്‍റെ റെക്കോഡ്. അമ്പാട്ടി റായിഡു (124* റണ്‍സ്, ഹരാരെ-2015), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (122* റണ്‍സ്, ഹരാരെ-2001, യുവ്‌രാജ് സിങ് (120 റണ്‍സ്, ഹരാരെ 2005) എന്നിങ്ങനെയാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനത്തുള്ളവരുടെ സമ്പാദ്യം.
സിംബാബ്‌വെയ്‌ക്കെതിരെ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും 22കാരനായ ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രസ്‌തുത നേട്ടത്തില്‍ മുഹമ്മദ് കൈഫാണ് ഒന്നാം സ്ഥാനത്ത്.
അതേസമയം മത്സരത്തില്‍ 13 റണ്‍സിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 49.3 ഓവറില്‍ 276 റണ്‍സിന് പുറത്തായി. സിംബാബ്‌വെയ്‌ക്കായി സെഞ്ച്വറി പ്രകടനവുമായി സിക്കന്ദര്‍ റാസ പൊരുതിയെങ്കിലും ലക്ഷ്യം അകന്ന് നില്‍ക്കുകയായിരുന്നു. 95 പന്തില്‍ 115 റണ്‍സാണ് റാസ നേടിയത്.