ഗയാന : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ തകർപ്പൻ ജയവുമായി പരമ്പരയിലേക്ക് തിരിച്ചെത്തി ഇന്ത്യ. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. വെസ്റ്റ് ഇൻഡീസ് മുന്നോട്ട് വച്ച 160 റണ്‍സ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 83 റണ്‍സ് നേടിയ സൂര്യകുമാർ യാദവിന്‍റെയും 49 റണ്‍സ് നേടിയ തിലക് വർമയുടേയും ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.
വിൻഡീസിന്‍റെ 160 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഒരു റണ്‍സുമായി യശസ്വി ജയ്‌സ്വാളും, ആറ് റണ്‍സുമായി ശുഭ്‌മാൻ ഗില്ലും മടങ്ങി. ഒബെഡ് മക്കോയ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് ജയ്‌സ്വാൾ പുറത്താകുന്നത്. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തുടക്കം മുതൽ തകർത്തടിച്ച് തുടങ്ങി. ഇതിനിടെ ടീം സ്‌കോർ 34ൽ നിൽക്കെ ഗില്ലും പുറത്തായി.
പിന്നീട് ക്രീസിൽ ഒന്നിച്ച തിലക് വർമ - സൂര്യകുമാർ യാദവ് സഖ്യം മത്സരം ഇന്ത്യക്ക് അനുകൂലമാക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സൂര്യകുമാർ വിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചപ്പോൾ തിലക് വർമ നിലയുറപ്പിച്ച് കളിച്ചു. ഇതിനിടെ സൂര്യകുമാർ യാദവ് തന്‍റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. 23 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി പൂർത്തിയാക്കിയത്.
ടീം സ്‌കോർ 121ൽ നിൽക്കെയാണ് വിൻഡീസിന് ഈ കൂട്ടുകെട്ട് പൊളിക്കാനായത്. സൂര്യകുമാറിനെ പുറത്താക്കി ആൽസാരി ജോസഫാണ് നിർണായക വിക്കറ്റ് വീഴ്‌ത്തിയത്. പുറത്താകുമ്പോൾ 44 പന്തിൽ 10 ഫോറും നാല് സിക്‌സും സഹിതം 83 റണ്‍സായിരുന്നു സൂര്യകുമാറിന്‍റെ സമ്പാദ്യം. തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. സൂര്യകുമാർ പുറത്തായതോടെ തിലക് വർമ ഗിയർ മാറ്റി. ഹാർദിക്കും കൂടെ ചേർന്നതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു.
ഒടുവിൽ 17-ാം ഓവറിന്‍റെ അവസാന പന്തിൽ തകർപ്പനൊരു സിക്‌സറിലൂടെ ഹാർദിക് ഇന്ത്യയുടെ വിജയം സ്വന്തമാക്കുകയായിരുന്നു. തിലക് വർമ 37 പന്തിൽ നാല് ഫോറും ഒരു സിക്‌സും ഉൾപ്പടെ 49 റണ്‍സുമായും, ഹാർദിക് പാണ്ഡ്യ 15 പന്തിൽ നിന്ന് ഓരോ ഫോറും സിക്‌സും ഉൾപ്പടെ 20 റണ്‍സുമായും പുറത്താകാതെ നിന്നു. വിൻഡീസിനായി അൽസാരി ജോസഫ് രണ്ട് വിക്കറ്റും ഒബെഡ് മക്കോയ് ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഓപ്പണർ ബ്രാൻഡൻ കിങ്ങിന്‍റെയും, നായകൻ റോവ്‌മാൻ പവലിന്‍റെയും ബാറ്റിങ് മികവിലാണ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 159 റണ്‍സ് കണ്ടെത്തിയത്. വിൻഡീസിനായി ഓപ്പണർമാരായ ബ്രാൻഡൻ കിങ്ങും, കെയ്‌ൽ മെയേഴ്‌സും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 55 റണ്‍സ് കൂട്ടിച്ചേർത്തു.
മെയേഴ്‌സിനെ (25) പുറത്താക്കി അക്‌സർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ക്രീസിലെത്തിയ ജോൺസൺ ചാൾസിനെ (12) അതിവേഗം കുൽദീപ് മടക്കി. പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പുരാൻ (20) തകർത്തടിച്ച് തുടങ്ങിയെങ്കിലും കുൽദീപിന്‍റെ പന്തിൽ സഞ്ജു സ്റ്റംപ് ചെയ്‌ത് പുറത്താക്കി.
അതേ ഓവറിന്‍റെ അവസാന പന്തിൽ ഓപ്പണർ ബ്രാൻഡൻ കിങ്ങിനെക്കൂടി പുറത്താക്കി കുൽദീപ് വെസ്റ്റ് ഇൻഡീസിന് ഇരട്ടപ്രഹരം നൽകി. ഇതോടെ വെസ്റ്റ് ഇൻഡീസ് 14.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 106 റണ്‍സ് എന്ന നിലയിലായി. തുടർന്ന് ക്രീസിലെത്തിയ നായകൻ റോവ്‌മൻ പവൽ നിലയുറപ്പിച്ച് കളിച്ചു. ഇതിനിടെ ഷിമ്രോണ്‍ ഹെറ്റ്‌മെയറെയും (9) വിൻഡീസിന് നഷ്‌ടമായി.
എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച പവൽ വെസ്റ്റ് ഇൻഡീസിനെ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുകയായിരുന്നു. പവൽ 19 പന്തിൽ മൂന്ന് സിക്‌സുകളും ഒരു ഫോറും ഉൾപ്പടെ 40 റണ്‍സുമായും, റൊമാരിയോ ഷെപ്പേർഡ് രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അക്‌സർ പട്ടേൽ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.