ഡൊമനിക്ക : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ലീഡിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്‌ടമില്ലാതെ 146 എന്ന ശക്‌തമായ നിലയിലാണ് ഇന്ത്യ. വെസ്റ്റ് ഇൻഡീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 150 റണ്‍സിന് വെറും നാല് റണ്‍സ് മാത്രം പിന്നിലാണ് നിലവിൽ ഇന്ത്യ. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളും (62) നായകൻ രോഹിത് ശർമയുമാണ് (68) ക്രീസിൽ.
വിക്കറ്റ് നഷ്‌ടം കൂടാതെ 80 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ജയ്‌സ്വാൾ- രോഹിത് കൂട്ടുകെട്ട് ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. വിക്കറ്റ് നഷ്‌ടപ്പെടുത്താതെ മുന്നേറിയ ഇരുവരും വിൻഡീസ് ബൗളർമാരുടെ മോശം ബോളുകൾ മാത്രം തെരഞ്ഞ് പിടിച്ച് ബൗണ്ടറികൾ പായിച്ചു. വൈകാതെ ജയ്‌സ്വാൾ തന്‍റെ കന്നി ടെസ്റ്റിൽ തന്നെ ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ച്വറി സ്വന്തമാക്കി.
തകർപ്പനൊരു ബൗണ്ടറിയിലൂടെയാണ് ജയ്‌സ്വൾ തന്‍റെ കന്നി ടെസ്റ്റ് അർധ സെഞ്ച്വറി സ്വന്തമാക്കിയത്. 104 പന്തിൽ നിന്നാണ് താരം അർധ സെഞ്ച്വറി നേടിയെടുത്തത്. ഇതിന് പിന്നാലെ രോഹിത് സ്‌കോറിങ് വേഗത്തിലാക്കി. പിന്നാലെ തന്‍റെ 15-ാം ടെസ്റ്റ് അർധ സെഞ്ച്വറി പൂർത്തിയാക്കിയ രോഹിത് ശർമ ടെസ്റ്റിൽ 3500 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടു.
തകർന്നടിഞ്ഞ് വിൻഡീസ് : നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസിന്‍റെ ഇന്നിങ്‌സ് 150 റണ്‍സിൽ ഒതുങ്ങുകയായിരുന്നു. സ്‌പിന്നർ രവിചന്ദ്രൻ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിൻഡീസ് നിരയെ തകർത്തെറിഞ്ഞത്. ആദ്യ ഇന്നിങ്‌സിൽ വിൻഡീസ് ബാറ്റർമാരിൽ രണ്ട് പേർക്ക് മാത്രമാണ് 20 റണ്‍സിന് മുകളിൽ സ്‌കോർ ചെയ്യാനായത്.
ടീം സ്‌കോർ 31ൽ നിൽക്കെ തഗെനരെൻ ചന്ദർപോളിനെ (12) മടക്കിയാണ് അശ്വിൻ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റിനെയും (20) അശ്വിൻ മടക്കി അയച്ചു. തുടർന്ന് മൂന്നാമനായി ക്രീസിലെത്തിയ റെയ്‌മണ്‍ റെയ്‌ഫറെ ശാർദുലും മടക്കിയതോടെ വിൻഡീസ് മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 47 റണ്‍സ് എന്ന നിലയിലായി.
പിന്നാലെ ജെർമെയ്‌ൻ ബ്ലാക്ക്‌വുഡിനെ (14) ജഡേജ മടക്കിയതോടെ വിൻഡീസ് പ്രതിരോധത്തിലായി. ഇതോടെ 68-4 എന്ന നിലയിൽ ഒന്നാം ദിനത്തില്‍ വിന്‍ഡീസ് ലഞ്ചിന് പിരിഞ്ഞു. രണ്ടാം സെഷനിലും തകർച്ചയോടെയാണ് വിൻഡീസ് ബാറ്റിങ് ആരംഭിച്ചത്. ജോഷുവ ഡി സില്‍വയെ പുറത്താക്കി ജഡേജയാണ് രണ്ടാം സെഷനിൽ വിക്കറ്റ് വേട്ട തുടങ്ങിയത്.
തുടർന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച അലിക്ക് അത്നാസെയും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് ടീമിനെ 100 കടത്തി. ഇരുവരും ചേര്‍ന്ന് നിർണായകമായ 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ 18 റണ്‍സ് നേടിയ ഹോൾഡറെ മടക്കി മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് വിൻഡീസ് വാലറ്റക്കാരെ അശ്വിനും ജഡേജയും ചേർന്ന് നിരനിരയായി മടക്കി അയക്കുകയായിരുന്നു.
അവസാന നാല് വിക്കറ്റുകളില്‍ മൂന്നും സ്വന്തമാക്കിയത് അശ്വിനാണ്. അലിക്ക് അത്നാസെ (47), അല്‍സാരി ജോസഫ് (4), ജോമല്‍ വാരികന്‍ (1) എന്നിവരെ പുറത്താക്കിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. കെമര്‍ റോച്ച് (1) ആയിരുന്നു മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ മൂന്നാമത്തെ ഇര. ശാര്‍ദുല്‍ താക്കൂറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.